റോഡിലെ കൈയ്യേറ്റം ചോദ്യം ചെയ്ത ബി.ജെ.പിയുടെ വനിതാ കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം; എസ്.ഡി.പിഐ ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്ത് പിണറായി പോലീസ്; പ്രതിഷേധം ശക്തം

Wednesday 21 August 2019 8:20 pm IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗവും നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണുമായ സിമി ജ്യോതിഷിനുനേരെ കൈയ്യേറ്റം. വഴിയാത്രക്കാര്‍ക്ക് തടസമാകുന്ന രീതിയില്‍ പരസ്യബോര്‍ഡ് വച്ചത് ചോദ്യം ചെയ്തതിനാണ് വനിതാ കൗണ്‍സിലറെ മണക്കാട് അല്‍മദീന ട്രാവല്‍സ് ഉടമ അഷറഫിന്റെ മകന്‍ അന്‍ഷാദും സംഘവുമാണ് കൈയ്യേറ്റം ചെയ്തത്. കൗണ്‍സിലര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ എസ്.ഡി.പി.എ പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 

  ട്രാവല്‍ ഏജന്‍സിയുടെ ബോര്‍ഡ് വഴിയാത്രക്കാര്‍ക്ക് തടസമാകുന്ന രീതിയിലാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. നാട്ടുകാര്‍ നിരവധി തവണ പരാതിനല്‍കിയിട്ടും ഇത് എടുത്തുമാറ്റാന്‍ തയ്യാറായില്ല. ഇത് അന്വേഷിക്കാന്‍ എത്തിയ കൗണ്‍സിലറിനെയാണ് ട്രാവല്‍സ് ഉടമയുടെ മകന്‍ ദേഹോപദ്രവം ഏല്‍പ്പിച്ചത്. കടയുടെ മുന്നില്‍ പ്രതിഷേധിച്ചിരുന്ന കൗണ്‍സിലര്‍ പോലീസ് നിര്‍ദ്ദേശപ്രകാരം സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. ഫോര്‍ട്ട്‌പോലീസ് സ്‌റ്റേഷനു സമീപം നഗരസഭയുടെ വനിതാ കൗണ്‍സിലറെ കൈയ്യേറ്റം ചെയ്തിട്ടും പ്രതിയെ പിടികൂടാതെ ലാഘവത്തോടെയാണ് ഫോര്‍ട്ട്‌പോലീസ് കേസ് കൈകാര്യം ചെയ്യുന്നത് എന്നാണ് ആരോപണം.

  നടപ്പാതയില്‍നിന്നും കൃത്യമായ അകലം പാലിച്ച് വഴിയാത്രക്കാര്‍ക്ക് തടസ്സമാകാത്തരീതിയിലായിരിക്കണം ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത് എന്നചട്ടം നിലനില്‍ക്കെയാണ് പരസ്യബോര്‍ഡ് നടപ്പാതയില്‍ സ്ഥാപിച്ചത്. സ്ഥാപനത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ് താഴെയുള്ള കടയുടെ ബോര്‍ഡിനെ മറച്ചാണ് വച്ചിട്ടുള്ളത്. ഇതിനെതിരെ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല. ലൈസന്‍സില്ലാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണവും നിലനില്‍ക്കുന്നു. പ്രതിയെ പിടികൂടാതെയുള്ള ഫോര്‍ട്ട് പോലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട്‌പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.