ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു; തേജസ്വി സൂര്യ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഗൂഢാലോചന; എസ്ഡിപിഐ പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ തേടി കര്‍ണാടക പോലീസ്

Tuesday 21 January 2020 7:29 pm IST

ബെംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ള രാജ്യത്തെ ഹിന്ദു നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കര്‍ണാടക പോലീസ്. കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്ത ആറ് എസ്ഡിപിഐ പ്രവര്‍ത്തകരില്‍നിന്ന് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഹിന്ദു സംഘടനാ നേതാക്കളെ വക വരുത്താന്‍ പദ്ധതിയിട്ടെന്നാണ് സംശയം. എന്നാല്‍ കസ്റ്റഡിയിലുള്ള ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിക്കാന്‍ നാല് ദിവസം ബാക്കി നില്‍ക്കെ പൂര്‍ണ്ണ വിവരങ്ങള്‍ കണ്ടെത്തണമെന്ന നിര്‍ദേശമാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. 

പരസ്പര വിരുദ്ധങ്ങളായ വിവരം നല്‍കി അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതിനപ്പുറം അന്വേഷണവുമായി സഹകരിക്കാന്‍ ഇവര്‍ തയാറായിട്ടില്ല. ഡിസംബര്‍ 22ന് ഡിസംബര്‍ 22നാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ തേജസ്വി സൂര്യ, യുവ ബ്രിഗേഡ് നേതാവ് ചക്രബര്‍ത്തി സുളിബെലെ എന്നിവരെ വകവരുത്താനും ഇവര്‍ ശ്രമിച്ചിരുന്നു എന്ന സംശയമാണ് പോലീസിനുള്ളത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും ഇവരുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയെയും നിരോധിക്കാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ഹിന്ദു നേതാക്കളെ വക വരുത്താനുള്ള ശ്രമം.

ഗൂഢാലോചനയ്ക്കു ചുക്കാന്‍ പിടിച്ചവരെയും ഇവരുടെ പ്രധാന സാമ്പത്തിക സ്രോതസും കണ്ടെത്താനാണ് കര്‍ണാടക പോലീസിനു കീഴിലുള്ള ആഭ്യന്തര സുരക്ഷാ വിഭാഗവും തീവ്രവാദ വിരുദ്ധ സേനയും ചേര്‍ന്നു ശ്രമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.