കടല്‍ഭിത്തി നിര്‍മാണം; കരാറെടുക്കാന്‍ ആളില്ല, വിണ്ടും ടെണ്ടർ വിളിക്കാൻ തീരുമാനം

Monday 2 December 2019 4:06 pm IST

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് ഭാഗത്തെ കടല്‍ഭിത്തി നിര്‍മാണത്തിനുള്ള ഏഴു പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ ആയെങ്കിലും ആരും ഏറ്റെടുക്കാത്ത പശ്ചാത്തലത്തില്‍ പുതിയ സാങ്കേതികാനുമതി നല്‍കി വീണ്ടും ടെന്‍ഡര്‍ ചെയ്യുന്നതിനു നടപടി സ്വീകരിച്ചതായി ജില്ല വികസന സമിതി യോഗത്തില്‍ ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. 

കടല്‍ഭിത്തി കെട്ടുന്നതിനായി 48 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏകദേശം രണ്ടരകിലോമീറ്റര്‍ വരുന്ന ഭാഗത്തെ കടല്‍ ഭിത്തിയാണ് നിര്‍മിക്കുക. എന്നാല്‍ നിലവിലെ പദ്ധതിയില്‍ കടല്‍ക്ഷോഭം രൂക്ഷമായ ചില ഭാഗങ്ങള്‍ക്ക് പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നു. ഐഐടിയുടെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഇക്കാര്യം പ്രത്യേകം പരിഗണിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ആറാട്ടുപുഴയിലെ കടലാക്രമണ ബാധിത പ്രദേശത്തെ കല്ലു വിരിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള ഭരണാനുമതി ലഭിച്ചതായും 2019-2020 പദ്ധതിയില്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവില്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചതായും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 

പഞ്ചകര്‍മ ആശുപത്രിയുടെ കെട്ടിടനിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ വികസനസമിതി യോഗം ചര്‍ച്ച ചെയ്തു. ഹിന്ദുസ്ഥാന്‍ പ്രീ ഫാബ് സമര്‍പ്പിച്ച 28 ലക്ഷം രൂപയുടെ റിട്രോഫിറ്റിങ് എസ്റ്റിമേറ്റ് പരിശോധിക്കുന്നതിനായി പൊതുമരാമത്ത് വിഭാഗത്തിന് നല്‍കിയിട്ടുണ്ടെന്നും സിടിഇയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയ ആരോഗ്യമിഷന്‍ പ്രോജക്ട് മാനേജര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.