'മാധ്യമങ്ങള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തയുണ്ടാക്കി ഭീകരരെ സഹായിക്കുന്നു; ഭീകരരെ നേരിടാന്‍ എല്ലാ മാധ്യമങ്ങളും രാജ്യത്തിനൊപ്പം നില്‍ക്കണമെന്ന് അജിത്ത് ഡോവല്‍

Tuesday 15 October 2019 1:15 pm IST

ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്ന തരത്തിലേക്ക് രാജ്യത്തിന്റെ നയം മാറണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍. ഭീകരതയെ നേരിടുന്നതില്‍ മാധ്യമങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട്. ഭീകരവിരുദ്ധ സ്‌ക്വാഡുകളുടെ തലവന്മാരുടെ സമ്മേളനത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.ഇതെല്ലാം വീക്ഷണത്തിന്റെ പ്രശ്‌നമാണ്. സുരക്ഷാ ഉദ്യോഗസ്ഥരില്‍ മിക്കവരും മാധ്യമങ്ങളോട് ഒന്നും പറയാറില്ല. അവര്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പല വാര്‍ത്തയുമുണ്ടാക്കും. ഇത്തരത്തിലുള്ള പ്രവണതകള്‍ രാജ്യത്തിനു ദോഷകരമാണ്. ഭീകരതയെ നേരിടാന്‍ സജ്ജരാക്കുന്നതിന് പകരം സമൂഹത്തില്‍ ഭീതിയുണ്ടാക്കാന്‍ ഇത് ഇടയാക്കുമെന്നും അദേഹം വിശദീകരിച്ചു.

മാധ്യമങ്ങള്‍ പ്രശ്‌നമുണ്ടാക്കാതിരുന്നാല്‍ ഭീകരത അവസാനിക്കുമെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറെ ഉദ്ധരിച്ച് അജിത്ത് ഡോവല്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പ്രസിദ്ധിക്കുവേണ്ടിയാണ്. ജനങ്ങളില്‍ ഭീതി പടര്‍ത്തുക എന്ന അവരുടെ ഉദേശത്തെ മാധ്യമങ്ങളിലൂടെ നടപ്പിലാക്കുകയാണ്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ മാധ്യമങ്ങളെ വിശ്വാസത്തിലെടുക്കണം. ഇതിനാല്‍ സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികള്‍ അവരുടെ മാധ്യമ നയം മാറ്റണമെന്നും ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് ഡോവല്‍ പറഞ്ഞു.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍  മാധ്യമങ്ങളെ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവര്‍ വേണം. എന്ത് സംഭവിച്ചു എന്ന് മാധ്യമങ്ങളോട് പറയണം. സര്‍ക്കാര്‍ എന്തൊക്കെ പ്രതിരോധങ്ങള്‍ ഏര്‍പെടുത്തുന്നുവെന്നും വ്യക്തമാക്കണം. മാധ്യമങ്ങള്‍ സര്‍ക്കാരിനെ ഇത്തരത്തില്‍ പിന്തുണക്കുന്ന നിലയുണ്ടാകണം. സര്‍ക്കാര്‍ അവരെ വിശ്വാസത്തിലെടുത്താല്‍ അവര്‍ സര്‍ക്കാരിനെ പിന്തുണക്കുമെന്നും അജിത്ത് ഡോവല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.