'ചൗക്കീദാര്‍ അബ് ഛാത്ര് ഹേ' ജെഎന്‍യു എന്‍ട്രസ് പാസ്സായി റഷ്യന്‍ ഭാഷ പഠിക്കാനൊരുങ്ങി സെക്യൂരിറ്റി ജീവനക്കാരന്‍

Thursday 18 July 2019 2:25 pm IST

ന്യൂദല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വളരെ പ്രസിദ്ധമാണ്. ഇവിടെ അരങ്ങേറുന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ പോലും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരിലല്ല, മറിച്ച് ഇവിടുത്തെ ചൗക്കീദാര്‍ (കാവല്‍ക്കാരകന്‍) വിദ്യാര്‍ത്ഥി എന്ന പദത്തിലേക്ക് സ്ഥാന മാറ്റം നടത്തിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

രാജസ്ഥാനിലെ കരൗലി ജില്ലയില്‍ നിന്നുള്ള രാംജല്‍ മീണയാണ് (33) ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്യാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മീണ. ഈ കാലയളവില്‍ ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികളെ കൊണ്ട് പരിചയിച്ചതോടെ കുടുംബ ഭാരത്താല്‍ പാതി വഴിയില്‍ ഉപേക്ഷിച്ച പഠനത്തോടുള്ള താത്പ്പര്യം വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു. 

ജെഎന്‍യു എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ഒരുങ്ങിയതോടെ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മീണയ്ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയത്. ഇതിന് പുറമെ പൊതുവിജ്ഞാനത്തിനായുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തു പഠിച്ചു. നാല് മണിക്കൂറോളം ദിവസവും മാറ്റിവച്ചാണ് താന്‍ പരീക്ഷക്ക് തയ്യാറെടുത്തിരുന്നത്. ആദ്യ പരീക്ഷയില്‍ തന്നെ വിജയിക്കാനും മീണയ്ക്ക് സാധിച്ചു. ബിഎ റഷ്യന്‍ (ഓണേഴ്‌സ്) കോഴ്‌സിനാണു പ്രവേശനം നേടിയിരിക്കുന്നത്. യാത്ര ചെയ്യാനുള്ള താല്‍പര്യമാണു റഷ്യന്‍ ഭാഷ തിരഞ്ഞെടുക്കാന്‍ കാരണം. 

നിലവില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമുള്ളയാളാണ് മീണ. 2018ന് രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഈ ബിരുദം നേടിയത്. ഇതില്‍ എല്ലാം ഉപരി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കും തയാറെടുക്കുന്നുണ്ട്. 

ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാര്‍ഗം അടയുമെന്ന ആശങ്കയുണ്ടെങ്കിലും അറിവ് ആയുധമാക്കാന്‍ തന്നെയാണു മീണയുടെ തീരുമാനം. സെക്യൂരിറ്റി ജോലിയില്‍ നിന്നു ലഭിച്ചിരുന്ന പതിനയ്യായിരം രൂപയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. എന്നാല്‍ അറിവു നേടാനുള്ള ആവേശത്തിനു മുന്നില്‍ ബാക്കിയെല്ലാം ഇവര്‍ മറക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.