ഇനി രജിസ്റ്ററില്‍ ഒപ്പിടുകയൊന്നും വേണ്ട, അറ്റന്‍ഡന്‍സിന് ഒരു സെല്‍ഫി മതി; സ്‌കൂളില്‍ വരാന്‍ മടിയുള്ള അധ്യാപകരെ കുടുക്കാന്‍ പുതിയ സെല്‍ഫി അറ്റന്‍ഡന്‍സ് പരിപാടിയുമായി ഉത്തര്‍പ്രദേശിലെ വിദ്യാലയങ്ങള്‍

Thursday 18 July 2019 8:58 am IST

ലഖ്‌നൗ : രജിസ്റ്ററില്‍ ഒപ്പിടുന്നതും, പഞ്ചിങ്ങിനും പിന്നാലെ സ്‌കൂളിലെ അധ്യാപകര്‍ക്ക് സെല്‍ഫിയിലൂടെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്താനുള്ള പുതിയ മാര്‍ഗ്ഗം പരീക്ഷിച്ച് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. മഴയും അതുമൂലമുള്ള യാത്രാക്ലേശങ്ങളും വര്‍ധിച്ചതോടെ സ്‌കൂളില്‍ എത്തുന്ന അധ്യാപകരുടെ എണ്ണം കുറയാന്‍ തുടങ്ങി. ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. 

ഇതിനായി എല്ലാ ദിവസവും രാവിലെ എട്ടിനു മുമ്പ് പുറകില്‍ സ്‌കൂള്‍ കാണത്തക്ക വിധം സെല്‍ഫിയെടുത്ത് ബേസിക് ശിക്ഷാ അധികാരി(ബിഎസ്എ)യുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുകയാണ് പുതിയ രീതി. സെല്‍ഫി എടുക്കുന്നതിലുമുണ്ട് ചില നിബന്ധനകള്‍. ചിരിച്ചുകൊണ്ട് സെല്‍ഫിയെടുക്കരുത്, അല്‍പം ഗൗരവത്തില്‍ തന്നെ വേണം. 

സെല്‍ഫി അറ്റന്‍ഡന്‍സ് മീറ്റര്‍ പ്രകാരം ബാരാബങ്കി ജില്ലയില്‍ മാത്രം ഇതുവരെ 7500 അധ്യാപകരാണ് പങ്കാളികളായത്. അധ്യാപകര്‍ സ്‌കൂളിലെത്തുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 50 ശതമാനം അധ്യാപകരും സ്‌കൂളിലെത്തുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനാലാണ് ഇത്തരമൊരു രീതി പരീക്ഷിച്ചതെന്ന് ചീഫ് ഡവലപ്‌മെന്റ് ഓഫിസര്‍ മേധാ രൂപം അറിയിച്ചു. 

ബാരാബങ്കിയില്‍ സെല്‍ഫിയെടുത്ത് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ പങ്കാളിയാവാത്ത 700ഓളം അധ്യാപകരുടെ ശമ്പളവും കൊടുത്തില്ല. 

അതേസമയം തീരുമാനം നല്ലതാണെന്നാണ് അസിസ്റ്റന്റ് അധ്യാപികയായ ദീപികാ സിങ് അഭിപ്രായപ്പെട്ടു. പ്രധാനാധ്യാപകര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണെന്നും അധ്യാപകര്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ ശമ്പളം നല്‍കാതിരിക്കാനും എളുപ്പമാണെന്നും ഇതില്‍ അവര്‍ക്ക് ഒരു തട്ടിപ്പും കാണിക്കാന്‍ സാധിക്കില്ലെന്നും ബാരാബങ്കി പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വേദ് പ്രകാശ് ശ്രീവാസ്തവ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.