രാത്രി പത്തരയ്ക്ക് ഉത്തരം നല്‍കിയ ചോദ്യം അര്‍ധരാത്രിയില്‍ മറ്റൊരു നമ്പരില്‍ നിന്ന് ആവര്‍ത്തിച്ചു; മുന്‍പും അശ്ലീല സന്ദേശങ്ങള്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് മുക്കി

Thursday 12 December 2019 7:08 pm IST

തിരുവനന്തപുരം:  സ്ത്രീസമത്വവും നവോത്ഥാനവും കൊട്ടിഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാരില്‍ നിന്ന് വനിത ഐഎഎസ് ട്രെയ്‌നി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചത് കടുത്ത അനീതി. പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ബിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെ ഉയര്‍ന്നത് ഗുരുതര ആക്ഷേപങ്ങളാണ്. വനിത ഐഎഎസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ച് ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തെത്തിയിരുന്നു. വനിത ഐഎഎസ് ഉദ്യോഗസ്ഥരുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നതും.

കുറേ നാളുകളായി സിന്‍ഹ തന്റെ കീഴിലുളള ഐഎഎസ് വനിത ഉദ്യോഗസ്ഥരോടു മോശമായി പെരുമാറുന്നെന്ന് പരാതി ശക്തമായിരുന്നു. ഇതു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും പരാതി നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഈ പരാതിയില്‍ വേണ്ട നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി തയാറായില്ല. ഒടുവില്‍ ഈ വനിത ഉദ്യോഗസ്ഥര്‍ മൊസൂറിയിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ രേഖാമൂലം പരാതി നല്‍കി. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍  മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടെങ്കിലും അതിലും നടപടിയെടുത്തില്ല. തുടര്‍ന്ന് വിഷയം മാധ്യമശ്രദ്ധയിലേക്ക് വരുന്നു എന്നു വ്യക്തമായതോടെ കഴിഞ്ഞദിവസത്തെ മന്ത്രിസഭ യോഗമ ബിശ്വനാഥ് സിന്‍ഹയെ പൊതുഭരണം,ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. പകരം നല്‍കിയ അപ്രധാനമായ സൈനിക വെല്‍ഫെയര്‍, പ്രിന്റിങ്& സ്റ്റേഷനരി വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ആണ്. 

വളരെ ഗുരുതരമായ ആക്ഷേപങ്ങളാണ് സിന്‍ഹയ്‌ക്കെതിരേ ഉയരുന്നത്. രാത്രി പത്തരയ്ക്ക് ചോദിക്കുകയും ഉത്തരം നല്‍കുകയും ചെയ്ച ചോദ്യങ്ങള്‍ക്ക് അര്‍ധരാത്രി പന്ത്രണ്ടരയോടെ വീണ്ടും മറ്റൊരു മൊബൈലില്‍ നിന്നു വാട്ട്‌സ്ആപ്പ് വഴി യുവ വനിത ഐഎഎസ് ഉദ്യോഗസ്ഥയോടു ചോദിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തായിട്ടുണ്ട്. പത്തരയ്ക്കു ഉത്തരം നല്‍കിയ ചോദ്യത്തിന് രാത്രി പന്ത്രണ്ടരയ്ക്കു ഇനി എന്ത് ഉത്തരം നല്‍കാനാണെന്നാണു ഉദ്യോഗസ്ഥ മറുപടി നല്‍കിയത്. പ്രളയകാലത്ത് ഉത്തരേന്ത്യക്കാരിയായ യുവ ഉദ്യോഗസ്ഥ ആണു രാത്രി പന്ത്രണ്ടരയ്ക്ക് വ്യത്യസ്ത നമ്പരുകളില്‍ നിന്ന് വിളിച്ചതിനെതിരെ അവര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ പരാതിപ്പെട്ടത്. ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും വാട്‌സാപ്പില്‍ അശ്ലീല മെസേജുകള്‍ അയക്കുകയും വിവിധ നമ്പറുകളില്‍ നിന്ന് ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നതായാണ് സിന്‍ഹയ്‌ക്കെതിരായ പ്രധാന ആക്ഷേപം. യുവ അസിസ്റ്റന്റ് കളക്ടര്‍ പദവിയുള്ള ഉദ്യോഗസ്ഥകളടക്കം മൂന്ന് പേരാണ് പരാതിയുമായി സര്‍ക്കാരിനെ സമീച്ചത്. തിരുവനന്തപുരത്തു നിന്നു മാത്രമല്ല കൊച്ചിയില്‍ നിന്നും ഈ ഉദ്യോഗസ്ഥനെതിരെ പരാതിയുണ്ട്. പിന്നീട് സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ചടക്കം അശ്ലീല സംഭാഷണങ്ങളുണ്ടായെന്നും പരാതിയിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ സിന്‍ഹ നിഷേധിക്കുകയാണ്. മോശമായി പെരുമാറിയിട്ടില്ലെന്നും എന്തിനാണ് തന്നെ മാറ്റിയതെന്ന് മാറ്റിയവരോട് ചോദിക്കണമെന്നുമായിരുന്നു സിന്‍ഹയുടെ പ്രതികരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.