രാജ്യത്തിന്റെ സേവകന്‍ ലോകത്തിന്റെ നേതാവ്

Tuesday 27 August 2019 3:00 am IST

ലോകരാഷ്ട്രങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം കൂടുതല്‍ ദൃഢമായതും ഭാരതം ലോകത്തിന്റെ നേതൃപദവിയിലേക്കു വന്നതും  നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ നേട്ടമായാണ് വിലയിരുത്തുന്നത്. ലോകരാഷ്ട്രങ്ങളുമായി ഊഷ്മള ബന്ധം സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘിക്കപ്പെട്ടിട്ടുണ്ട്. നിര്‍ണ്ണായകമായ പല ഘട്ടങ്ങളിലും ലോകരാഷ്ട്രങ്ങളെ ഭാരതത്തിനൊപ്പം നിര്‍ത്താന്‍ കഴിഞ്ഞത് അതിന്റെ ഗുണഫലമാണ്. നമ്മുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെയും നയങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെയുമാണ് മോദിസര്‍ക്കാര്‍ മറ്റ് രാഷ്ട്രങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കിയത്. മറ്റുരാജ്യങ്ങളെ ഭാരതത്തിന്റെ വഴിക്കു കൊണ്ടുവരാന്‍ നരേന്ദ്രമോദിക്കായി. 

ഭീകര പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ഭാരതത്തിന്റെ സമീപനം ലോകം അംഗീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പാക്കിസ്ഥാന്‍ ഒഴികെയുള്ള മുസ്ലിം രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ മോദിക്കായി. ഇസ്ലാമിക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഇന്ന് മുമ്പില്ലാത്തവിധം ശക്തമാണ്. മോദിയുടെ പ്രവര്‍ത്തക മികവിന്റെ ഫലമാണിതെന്ന കാര്യത്തില്‍ സംശയമേതുമില്ല. എന്നാല്‍, ഇന്ത്യക്ക് ലഭിക്കുന്ന സ്വീകാര്യത പാക്കിസ്ഥാന് വലിയ പ്രഹരമാണ്. ലോകത്തിന് മുന്നില്‍ പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളെല്ലാം ഒന്നൊന്നായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.  കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് ആഗോളതലത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഫലം വിപരീതമായി. ഇത് പുതിയ ഇന്ത്യയാണെന്ന് പാക്കിസ്ഥാന് ഇപ്പോഴാണ് മനസിലായത്. ലോകരാജ്യങ്ങളുമായെല്ലാം ബന്ധമുണ്ടാക്കി അതുവഴി ഭീകരവാദത്തെ ഒറ്റപ്പെടുത്തുന്ന ഇന്ത്യ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടം തന്നെയാണ്. 

മുസ്ലിം രാജ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെയും പ്രവര്‍ത്തനത്തെയും അംഗീകരിക്കുന്നു എന്നത് ഭാരത ചരിത്രത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. അതിന്റെ തെളിവാണ് മുസ്ലിം രാജ്യങ്ങള്‍ നരേന്ദ്രമോദിക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സയിദ് മെഡല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് ഇക്കാലയളവില്‍ അദ്ദേഹത്തിന് ലഭിച്ചത്. യുഎഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുന്‍നിര്‍ത്തിയാണ് സയിദ് ബഹുമതി നല്‍കി ആദരിച്ചത്. ഇപ്പോള്‍ ബെഹ്‌റൈന്റെ കിങ് ഹമദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ് പുരസ്‌കാരവും അദ്ദേഹത്തിന് നല്‍കി. 

പ്രധാനമന്ത്രിയായതിനു ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നരേന്ദ്രമോദിയെ തേടിയെത്തിയത് ആറ് മുസ്ലിം രാജ്യങ്ങളുടെ പരമോന്നത ബഹുമതിയാണ്. മോദിസര്‍ക്കാരിന്റെ ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നാണ് വിലയിരുത്തുന്നത്. ബെഹ്‌റൈന്റെ കിങ് ഹമദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ്, യുഎഇയുടെ ഓര്‍ഡര്‍ ഓഫ് സെയ്ദ്, പാലസ്തീന്റെ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ സ്റ്റേറ്റ് ഓഫ് പാലസ്തീന്‍, അഫ്ഗാനിസ്ഥാന്റെ അമിര്‍ അമാനുള്ള ഖാന്‍ അവാര്‍ഡ്, സൗദി അറേബ്യയുടെ കിങ് അബ്ദുള്ള അസിസ് ഷാ അവാര്‍ഡ്, മാല്‍ദ്വീവ്‌സിന്റെ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീനന്‍ തുടങ്ങിയ പുരസ്‌കാരങ്ങളാണ് അഞ്ചുവര്‍ഷത്തിനിടെ മോദിയെ തേടിയെത്തിയത്.

മോദിയുടെ വിദേശ നയത്തിന്റെ വിജയമാണിത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ നയതന്ത്ര നീക്കങ്ങള്‍ക്ക് ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലും സ്വീകര്യതയുണ്ടായി. ഇന്ത്യയില്‍ വിദേശ നിക്ഷേപങ്ങള്‍ വര്‍ധിച്ചു. രാജ്യത്തിന്റെ ഹജ്ജ് ക്വാട്ടയില്‍ വര്‍ധനയുണ്ടായി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചു. ഓരോ തവണയും വിദേശ രാജ്യങ്ങളില്‍നിന്ന് പുരസ്‌കാരമേറ്റുവാങ്ങുമ്പോള്‍ മോദി പറയുന്ന ഒരു വാചകമുണ്ട്, ഈ പുരസ്‌കാരം ഒരു വ്യക്തിക്കുള്ളതല്ല 130 കോടി വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്, അവരുടെ മൂല്യങ്ങള്‍ക്കുള്ളതാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി രാജ്യത്തിന്റെ സേവകനാകുമ്പോള്‍ ഒരു പുരസ്‌കാരവും അദ്ദേഹത്തിന്റെ എളിമയെ ഇല്ലാതാക്കുന്നില്ല. വീണ്ടും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമാകുകയാണതെല്ലാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.