'ആ പാലത്തിന്റെ പിതൃത്വം സേവാഭാരതിക്ക്, മാതൃഭൂമി ആര്‍ക്കും 'എഴുതി' കൊടുക്കേണ്ട'; പത്ര വാര്‍ത്തയിലെ അവകാശവാദം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

Thursday 22 August 2019 5:18 pm IST

കൊച്ചി : പ്രളയം മൂലം തകര്‍ന്ന് നിലമ്പൂരിലെ അതിരുവീട്ടി പാലം സേവാഭാരതി പ്രവര്‍ത്തകര്‍ മരത്തടി കൊണ്ട് പുനര്‍നിര്‍മിച്ചപ്പോള്‍ സേവാഭാരതിയുടെ പേര് പറയാനാകാതെ മാതൃഭൂമി. പ്രദേശവാസികള്‍ക്കായി സേവാഭാരതി പാലം നിര്‍മിച്ചത് സമൂഹ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ മുള കൊണ്ട് നിര്‍മിച്ച പാലമെന്ന രീതിയില്‍ മാതൃഭൂമി വാര്‍ത്ത നല്‍കിയത്. പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് സ്ഥലം സന്ദര്‍ശിക്കാന്‍ നാട്ടുകാര്‍ താത്കാലികമായി പാലം നിര്‍മിച്ചെന്ന വിധത്തിലാണ് വാര്‍ത്ത. 

അതേസമയം നിലമ്പൂരിലെ മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയ സേവാഭാരതി പ്രവര്‍ത്തകര്‍ മരത്തടി കൊണ്ട് പാലം കെട്ടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതിയുടെ അധ്വാനങ്ങളെ ജാതിമത ഭേദമന്യേ നാട്ടുകാര്‍ പ്രശംസിക്കുമ്പോഴാണ് മാതൃഭൂമിയുടെ ഈ വേര്‍തിരിവ്. 

പ്രമുഖ മാധ്യമത്തിന്റെ ഈ വേര്‍തിരിവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. നല്ലത് ആര് ചെയ്താലും അത് പറയണമെന്നതാണ് മാധ്യമധര്‍മ്മം. സത്യം പറയാതിരിക്കാന്‍ ദേശാഭിമാനി ലേഖകന്‍ തന്നെയാണോ മാതൃഭൂമി പത്രത്തിന്റേയും എന്ന്‌ സമൂഹ മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സേവാഭാരതി പാലം നിര്‍മ്മിക്കുന്ന ദൃശ്യങ്ങളോ ഫോട്ടോകളോ മാതൃഭൂമിക്ക് വേണമെങ്കില്‍ നല്‍കാമെന്നും ഇവര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ ഷര്‍ട്ടിലെ സംഘടനയുടെ പേര് മായ്ച്ച് പത്രത്തില്‍ നല്‍കുന്ന ദേശാഭിമാനി ഇതിലും ഭേദമാണെന്നും വിമര്‍ശിക്കുന്നുണ്ട്.

ഉരുള്‍ പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ക്യാമ്പിലേക്ക് മാറിയ കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് തിരിച്ചു പോകുന്നതിനായി തകര്‍ന്ന അതിരുവീട്ടിപ്പാലത്തിന് പകരമായാണ് സേവാഭാരതി ഇടപെട്ട് താത്കാലിക പാലം നിര്‍മ്മിച്ചത്. പ്രദേശത്തെ കുടുംബങ്ങളുടെ ആവശ്യം മനസിലാക്കിയതിനെ തുടര്‍ന്നാണ് ഇത്.

കവളപ്പാറക്ക് തെക്ക് വശത്തുള്ള പാതാറില്‍ ഉരുള്‍പ്പൊട്ടലില്‍ വന്ന വന്‍കരിങ്കല്ലുകള്‍ തട്ടി മൊത്തം സ്ലാബുകളും നശിച്ച് പില്ലറുകള്‍ മാത്രമായി ആ പ്രദേശം ഒറ്റപ്പെട്ടു പോയിരുന്നു. 150ലേറെ സേവാഭാരതി പ്രവര്‍ത്തകരുടെ പരിശ്രമഫലമായിട്ടാണ് താത്കാലിക പാലം നിര്‍മിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് അംഗവും നാട്ടുകാരും സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചു രംഗത്തെത്തിയിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

നേരത്തെ നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ല് മുണ്ടേരിക്ക് സമീപമുള്ള അപ്പംകാപ്പില്‍ കോളനിയില്‍ കുടുങ്ങിക്കിടന്നവരെ സേവാഭാരതി പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു. രണ്ട് മാസം പ്രായമായ ഒരു കുട്ടിയും, ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പടെ 42 പേരെയാണ് രക്ഷിച്ചത്.

കോളനിയിലേക്കുള്ള പാലം ഒലിച്ചുപോയിരുന്നതിനാല്‍ അഞ്ച് ദിവസമായി പുറംലോകവുമായി തീര്‍ത്തും ഒറ്റപ്പെട്ട് കിടക്കുകയായിരുന്ന ഇവരെ താത്കാലിക പാലം പണിത് സേവാഭാരതി സംഘം രക്ഷപ്പെടുത്തി മുണ്ടേരി ഗവണ്‍മെന്റ് സ്‌കൂളില്‍ എത്തിക്കുകയായിരുന്നു.

കവളപ്പാറയില്‍ ആദ്യമൃതദേഹം പുറത്തെടുത്തത് മുതല്‍ സജീവമായി രക്ഷപ്രവര്‍ത്തനത്തില്‍ സേവാഭാരതി ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചതും സേവാഭാരതി നേതൃത്വത്തില്‍ തന്നെയായിരുന്നു. ദുരന്ത മുഖത്ത് സേവാ ഭാരതി കൈമെയ് മറന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണ് ഇത്തരത്തില്‍ നിരുത്സാഹപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് നല്‍കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.