ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്നു; ദിവസങ്ങൾക്കുള്ളിൽ താല്‍ക്കാലിക പാലം നിര്‍മ്മിച്ച് നല്‍കി സേവാഭാരതി; നന്ദി അറിയിച്ച് നാട്ടുകാര്‍

Saturday 17 August 2019 12:21 pm IST

മലപ്പുറം: നിലമ്പൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലത്തിനു പകരം സേവാഭാരതി പ്രവര്‍ത്തകര്‍ താല്‍കാലിക പാലം നിര്‍മ്മിച്ചു. പാതാറിലെ അതിരുവീട്ടിപ്പാലത്തിന് പകരമായാണ് താല്‍കാലിക പാലം നിര്‍മ്മിച്ചത്. ഉരുള്‍ പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ക്യാമ്പിലേക്ക് മാറിയ കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടായതിനെ തുടര്‍ന്നാണ് സേവാഭാരതി രംഗത്തെത്തിയത്.

കുടുംബങ്ങളുടെ ആവശ്യം മനസിലാക്കിയത്തിനെ തുടര്‍ന്നാണ് സേവാഭാരതി പാലം നിര്‍മ്മിച്ചത്. കവളപ്പാറക്ക് തെക്ക് വശത്തുള്ള പാതാറില്‍ ഉരുള്‍പ്പൊട്ടലില്‍ വന്ന വന്‍കരിങ്കല്ലുകള്‍ തട്ടിയാണ് മൊത്തം സ്ലാബുകളും നശിച്ച് പില്ലറുകള്‍ മാത്രമായി ആ പ്രദേശം ഒറ്റപ്പെട്ടു പോയത്.ഇതേ തുടര്‍ന്ന് ക്യാമ്പില്‍ നിന്നും തിരികെ പോകുവാനാവാതെ കുടുങ്ങിയ മുപ്പതോളം കുടുംബങ്ങള്‍ക്ക് സഹായമായി സേവാഭാരതി പ്രവര്‍ത്തകര്‍. 150ലേറെ സേവാഭാരതി പ്രവര്‍ത്തകരുടെ പരിശ്രമഫലമായിട്ടാണ് താല്‍ക്കാലിക പാലം നിര്‍മ്മിച്ചത്. പഞ്ചായത്ത് അംഗവും നാട്ടുകാരും സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചു.

 

 

നേരത്തെ നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ല് മുണ്ടേരിക്ക് സമീപമുള്ള അപ്പംകാപ്പില്‍ കോളനിയില്‍ കുടുങ്ങിക്കിടന്നവരെ സേവാഭാരതി പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു. രണ്ട് മാസം പ്രായമായ ഒരു കുട്ടിയും , ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പടെ 42 പേരെയാണ് രക്ഷിച്ചത്.

കോളനിയിലേക്കുള്ള പാലം ഒലിച്ചുപോയിരുന്നതിനാല്‍ അഞ്ച് ദിവസമായി പുറംലോകവുമായി തീര്‍ത്തും ഒറ്റപ്പെട്ട് കിടക്കുകയായിരുന്ന ഇവരെ താല്കാലിക പാലം പണിഞ്ഞ ശേഷം സേവാഭാരതി സംഘം രക്ഷപ്പെടുത്തി മുണ്ടേരി ഗവണ്‍മെന്റ് സ്‌ക്കൂളില്‍ എത്തിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.