ലണ്ടൻ നഗരത്തിൽ നൂപുര ധ്വനികളുയർത്തുവാൻ ഏഴാമത് ശിവരാത്രി നൃത്തോത്സവം 29 മുതൽ

Saturday 8 February 2020 11:13 am IST

ലണ്ടൻ: ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷമായി നടത്തി വരുന്ന ലണ്ടൻ ശിവരാത്രി നൃത്തോത്സവം പൂർവാധികം ഭംഗിയായി ആഘോഷിക്കുവാൻ ഒരുങ്ങുകയാണ് ലണ്ടൻ നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ നർത്തകർ പങ്കെടുക്കുന്ന ഏഴാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന്, 2020 ഫെബ്രുവരി 29 ന് ഉച്ചക്ക് മൂന്നുമണിക്ക് തിരിതെളിയും. 

സെമി-ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളിൽ ഒന്നാണ് ലണ്ടൻ ശിവരാത്രി നൃത്തോത്സവം. കഴിഞ്ഞ വർഷങ്ങളിലെ കലാസ്വാദകരുടെ സാന്നിധ്യം കണക്കിലെടുത്തു പതിവ് സത്‌സംഗ വേദി ഒഴിവാക്കി വിശാലമായ ക്രോയ്ടോൻ ലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. അനുഗ്രഹീത കലാകാരി ആശാ ഉണ്ണിത്താനാണ് പതിവ് പോലെ നൃത്തോത്സവത്തിനു നേതൃത്വം നൽകുന്നത്. 

പ്രശസ്ത സിനിമാ താരം പദ്മശ്രീ ജയറാം, ഭാര്യ പാർവതി ജയറാം, നെടുമുടി വേണു, പ്രശസ്ത സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാരിയർ തുടങ്ങി ഏഴാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിനു ഇതിനോടകം തന്നെ നിരവധി കലാ സാംസാകാരിക പ്രമുഖർ ആശംസകൾ നേർന്നു കഴിഞ്ഞു.

ഭാരതീയ തനിമയാർന്ന കലകളെ വിശിഷ്യാ ക്ഷേത്ര കലകളെ വളർന്നു വരുന്ന തലമുറയെ പരിചയപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി പ്രതിമാസം ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സത്‌സംഗവും അന്നദാനവും നടത്തിവരുന്നുണ്ട്. സഹൃദയരായ കലാസ്വാദകരുടെയും വോളന്റിയര്മാരുടെയും സംഭാവനകൾ കൊണ്ട് മാത്രമാണ് തികച്ചും സൗജന്യമായി പരിപാടികൾ സംഘടിപ്പിക്കുവാൻ സാധിക്കുന്നതെന്ന് ചെയർമാൻ തെക്കുമുറി ഹരിദാസ് അറിയിച്ചു. കഴിഞ്ഞ ആറുവർഷമായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നതും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ്. 

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

ആശാ ഉണ്ണിത്താൻ: 07889484066, സുരേഷ് ബാബു: 07828137478, സുഭാഷ് ശാർക്കര: 07519135993, ജയകുമാർ: 07515918523, ഗീതാ ഹരി: 07789776536, ഡയാന അനിൽ‌കുമാർ: 07414553601

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.