കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ എസ്എഫ്ഐ അഴിഞ്ഞാട്ടം; അക്രമികളെ അറസ്റ്റുചെയ്യാന്‍ തയ്യാറാകാതെ പോലീസ്

Monday 9 December 2019 11:02 pm IST

കോഴിക്കോട്: ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ എസ്എഫ്ഐ അഴിഞ്ഞാട്ടം. ഇന്ന് ഉച്ചയോടെയാണ് എസ്എഫ്ഐക്കാര്‍ സ്‌കൂളില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രകടനമായെത്തിയവര്‍ നോട്ടീസ്ബോര്‍ഡും ജനല്‍ചില്ലുകളും കസേരകളും  ചെടിച്ചട്ടികളും തകര്‍ത്തു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു എസ്എഫ്ഐ സംഘത്തിന്റെ അക്രമം. അക്രമികളെ തടയാനോ അറസ്റ്റുചെയ്യാനോ പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. 

സ്‌കൂള്‍ ആദ്യ ഷിഫ്റ്റ് വിടുന്ന സമയമായതിനാല്‍ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരാകുകയും ചെയ്തു. കേന്ദ്രീയ വിദ്യാലയത്തോടുള്ള എംപിയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനിടെയായിരുന്നു അക്രമം. 

എസ്എഫ്ഐക്കാര്‍ നടത്തിയ അക്രമത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമത്തില്‍ കേന്ദ്ര വിദ്യാലയ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു. സ്‌കൂളില്‍ പ്രവേശിച്ചവര്‍ വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുകയും പിഞ്ചു വിദ്യാര്‍ത്ഥികളെയടക്കം ഭീഷണിപ്പെടുത്തുകയും ചെയ്തു. നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികളായവരില്‍ നിന്നും നഷ്ടം ഈടാക്കണമെന്നും വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പാള്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.