എസ്എഫ്‌ഐയുടെ സിപിഎം ഫാസിസം

Thursday 18 July 2019 3:49 am IST
എസ്എഫ്‌ഐ സിപിഎമ്മിന്റെ സംഘടനയായിരിക്കുന്നിടത്തോളം ക്യാമ്പസിനകത്തായാലും പുറത്തായാലും അവര്‍ക്ക് അക്രമം നടത്താതിരിക്കാനാവില്ല. അത് നിര്‍ബാധം തുടരുകതന്നെ ചെയ്യും. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തിന്റെ പേരില്‍ സിപിഎം നേതാക്കള്‍ എസ്എഫ്‌ഐയെ തള്ളിപ്പറഞ്ഞതിനും മുതലക്കണ്ണീരൊഴുക്കിയതിനും പിന്നാലെയാണ് മുന്‍ എസ്എഫ്‌ഐക്കാരനും സിപിഎം കൊല്ലം ജില്ലാസെക്രട്ടറിയുമായ കെ.എന്‍. ബാലഗോപാല്‍ 'എസ്എഫ്‌ഐ അഭിമാനം ആണ്' എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ നടത്തുന്ന അതിക്രമങ്ങളെക്കാള്‍ അസഹനീയം സിപിഎം നേതാക്കള്‍ അതിനെക്കുറിച്ച് പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന പ്രസ്താവനകളാണ്. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ്  തുടങ്ങിവച്ചത്. ''ഹൃദയം നുറുങ്ങുന്നു. കരള്‍ പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരംകൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു'' എന്നൊക്കെയാണ് ശിവരാമകൃഷ്ണന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.

''യൂണിവേഴ്‌സിറ്റി കോളജിലെ അക്രമം ന്യായീകരിക്കാനാവില്ല. എസ്എഫ്‌ഐ ഒരു സ്വതന്ത്ര സംഘടനയാണ്. കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടാവണം. സമൂഹത്തിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികള്‍ പാടില്ല. പാര്‍ട്ടി ഒരു പ്രതിയേയും സംരക്ഷിക്കില്ല. പോലീസ് ശക്തമായ നടപടികളെടുക്കും'' എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ''അക്രമികള്‍ക്ക് അവസരം കൊടുത്തത് കുറ്റകരമാണ്. മറ്റൊരു സംഘടനയ്ക്ക് പ്രവര്‍ത്തനം അനുവദിക്കാത്ത നയം എസ്എഫ്‌ഐയുടേതല്ല, എസ്എഫ്‌ഐ വേഷധാരികളുടേതാണ്. യൂണിറ്റ് പിരിച്ചുവിട്ടാല്‍ പോരാ, തുടര്‍നടപടി വേണം'' എന്ന് എം.എ. ബേബി ധാര്‍മികരോഷം കൊണ്ടു. ''എസ്എഫ്‌ഐയുടെ സമീപനത്തിന് വിരുദ്ധമായ നടപടിയാണിത്. അക്രമം അംഗീകരിക്കാനാവില്ല. എസ്എഫ്‌ഐയില്‍ തിരുത്തലുണ്ടാകും'' എന്നായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ''ഒരു കലാലയത്തില്‍ യാതൊരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത സംഭവമാണിത്. ഉചിതമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. യാതൊരു ലാഘവത്വവും പ്രതികള്‍ക്കെതിരായ നടപടികളില്‍ ഉണ്ടാകില്ല'' എന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

സത്യം എന്താണോ അതിന് കടകവിരുദ്ധമായി ഇങ്ങനെയൊക്കെ സംസാരിക്കാന്‍ യാതൊരു മടിയും കാണിക്കാത്തവര്‍ പൊതുപ്രവര്‍ത്തനം നടത്താന്‍ യോഗ്യരല്ല. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തെത്തുടര്‍ന്ന് വലിയ ജനരോഷമാണ് എസ്എഫ്‌ഐക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. പതിവില്ലാത്തവിധം കാമ്പസിലെ വിദ്യാര്‍ത്ഥികള്‍തന്നെ എസ്എഫ്‌ഐയുടെ കാടത്തത്തിനെതിരെ രംഗത്തുവന്നു. ഈ പ്രതിഷേധം തങ്ങള്‍ക്കെതിരെയുമാണെന്ന് തിരിച്ചറിഞ്ഞ്, അത് മറ്റ് കോളജ് കാമ്പസുകളിലേക്കും പടരുന്നത് ഒഴിവാക്കാനാണ് സമാധാനത്തിന്റെയും, ഉന്നതമായ ധാര്‍മികബോധത്തിന്റെയും വക്താക്കള്‍ ചമയാന്‍ സിപിഎം നേതാക്കളെ നിര്‍ബന്ധിതരാക്കിയത്.

യഥാര്‍ത്ഥത്തില്‍ ലജ്ജാഭാരംകൊണ്ട് ശിരസ്സ് താണുപോകുന്നത് സ്പീക്കറുള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ ഉദ്ദേശ്യശുദ്ധിയില്ലാത്ത പ്രസ്താവനകള്‍ വായിക്കുമ്പോഴാണ്. എത്ര കാപട്യപൂര്‍ണമായാണ് ഇവര്‍ പെരുമാറുന്നത് എന്നോര്‍ക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ളവരുടെ ശിരസ്സ് പാതാളത്തോളമല്ല, അതിനപ്പുറം ഒരു ലോകമുണ്ടെങ്കില്‍ അത്രത്തോളം താണുപോകാതിരിക്കില്ല.

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ ഫാസിസം ആര്‍ക്കും പുതുമയല്ല. അക്രമപരമ്പരകളിലൂടെയും അടിച്ചമര്‍ത്തലിലൂടെയും, മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം പാടെ നിഷേധിക്കുന്നതിലൂടെയും വ്യവസ്ഥാപിതമായി പ്രാവര്‍ത്തികമാക്കുന്നതാണ് ഈ ഫാസിസം. എസ്എഫ്‌ഐയുടെ ഗുണ്ടാനേതാക്കള്‍ തങ്ങളുടെ സംഘടനയില്‍പ്പെട്ട ഒരു യുവാവിനെത്തന്നെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാമ്പസില്‍ കുത്തിവീഴ്ത്തിയെന്നതു മാത്രമാണ് ഇപ്പോഴത്തെ പ്രത്യേകത.

എസ്എഫ്‌ഐയുടെ അക്രമങ്ങളും മറ്റുതരത്തിലുള്ള ശല്യങ്ങളും സഹിക്കാനാവാതെ 187 വിദ്യാര്‍ത്ഥികളാണ് അഞ്ച് വര്‍ഷത്തിനിടെ യൂണിവേഴ്‌സിറ്റികോളജ് വിട്ടത്. എസ്എഫ്‌ഐക്കാരുടെ പലതരം പീഡനങ്ങളില്‍ മനംനൊന്ത് നിഖില എന്ന വിദ്യാര്‍ത്ഥിനി അടുത്തിടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകപോലുമുണ്ടായി. എസ്എഫ്‌ഐ ഫാസിസംമൂലം സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനാവാത്ത സ്ഥിതിയാണെന്ന് പാര്‍ട്ടിസെക്രട്ടറി കാനം രാജേന്ദ്രന്‍തന്നെ സമ്മതിക്കുന്നു.

യൂണിവേഴ്‌സിറ്റി കോളജ് അടക്കിഭരിക്കുകയാണ് എസ്എഫ്‌ഐ. പരീക്ഷാനടത്തിപ്പുവരെ ഈ സംഘടന നിയന്ത്രിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംഘടനാനേതാക്കള്‍ക്ക് സ്വന്തം വീട്ടിലിരുന്നുപോലും പരീക്ഷയെഴുതി ജയിക്കാമെന്ന അവസ്ഥ. വിദ്യാര്‍ത്ഥികളില്‍ ആര് ആരോട് മിണ്ടണം, എന്തുവസ്ത്രം ധരിക്കണം എന്നുവരെ ഇക്കൂട്ടര്‍ തീരുമാനിച്ചു എന്നറിയുമ്പോള്‍ കാമ്പസിനെ പാര്‍ട്ടി ഗ്രാമമാക്കാനാണ് എസ്എഫ്‌ഐ നേതൃത്വം ശ്രമിച്ചതെന്ന് വ്യക്തമാവുന്നു. ഇവര്‍ എസ്എഫ്‌ഐ അല്ല, എസ്എഫ്‌ഐ വേഷധാരികളാണെന്ന് എം.എ. ബേബിക്ക് ബോധോദയമുണ്ടാവാന്‍ കൂട്ടത്തിലുള്ള ഒരുവന്‍ കുത്തേറ്റ് വീഴേണ്ടിവന്നു. പാര്‍ട്ടിയെ അനുസരിക്കാത്ത സാംസ്‌കാരിക നായകന്മാരെ സംസ്‌കരിച്ചെടുക്കേണ്ടിവരുമെന്ന് വിഎസ് സര്‍ക്കാരില്‍ സാംസ്‌കാരിക മന്ത്രിയായിരിക്കെ പ്രഖ്യാപിച്ച ബേബി എസ്എഫ്‌ഐയുടെ കാമ്പസ് തേര്‍വാഴ്ചയെക്കുറിച്ച് അജ്ഞത നടിക്കുകയാണെന്ന് വ്യക്തം.

ഹിംസാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ യൂണിവേഴ്‌സിറ്റി കോളജിനെ എസ്എഫ്‌ഐയുടെ കോട്ടയാക്കിയത് സിപിഎമ്മിന്റെ സംഘടനാശക്തിയും പണക്കൊഴുപ്പും അധികാരഹുങ്കുമാണ്. ഓരോരോ കാരണങ്ങളാല്‍ പോലീസുമായി ഏറ്റുമുട്ടകയെന്നത് ഈ കോളജിലെ  എസ്എഫ്‌ഐയുടെ പതിവ് സമരമുറയാണ്. പോലീസിന് കാമ്പസില്‍ കേറാന്‍ വിലക്കുണ്ട്. കല്ലും കുപ്പിച്ചില്ലും കൈബോംബുമൊക്കെയായി പോലീസിനെ നേരിടുന്ന എസ്എഫ്‌ഐയുടെ അക്രമം പലപ്പോഴും തെരുവിലേക്കും വ്യാപിക്കും. നിയമസഭയിലെ സ്ഥാനം പ്രതിപക്ഷത്താണെങ്കില്‍ ഈ അക്രമിസംഘങ്ങളെ നയിക്കുക മുതിര്‍ന്ന സിപിഎം നേതാക്കളായിരിക്കും. ഇത്തരം പല സന്ദര്‍ഭങ്ങളിലും സഖാവ് തോമസ് ഐസക്കിനെ മുന്‍നിരയില്‍ കാണാം. ഇതേ ഐസക്കാണ് ഇപ്പോള്‍ എസ്എഫ്‌ഐയില്‍ തിരുത്തല്‍ വേണമെന്ന് വാദിക്കുന്നത്!

യൂണിവേഴ്‌സിറ്റി കോളജ് സ്വന്തം അധീനതയിലാക്കിയ എസ്എഫ്‌ഐസംഘവും സിപിഎമ്മിന്റെ ആസ്ഥാനമായ എകെജി സെന്ററും തമ്മില്‍ ഒരു ഹോട്ട്‌ലൈന്‍ ബന്ധമുണ്ട്. കാമ്പസില്‍ എന്ത് നടക്കണം, എന്ത് നടക്കാന്‍ പാടില്ല എന്നൊക്കെ തീരുമാനിക്കപ്പെടുന്നത് എകെജി സെന്ററിലാണ്. അക്രമം അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന എസ്എഫ്‌ഐക്കാരെ നേരിടാന്‍ പോലീസെത്തിയാല്‍ അവരെ ചെറുക്കുക സിപിഎമ്മിന്റെ സഹായത്തോടെയാണ്. ഒരിക്കല്‍ എതിര്‍പ്പ് വകവയ്ക്കാതെ കാമ്പസിനകത്ത് പ്രവേശിച്ചതിന്റെ വീഡിയോദൃശ്യം പങ്കുവച്ച മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ ഇപ്പോഴത്തെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍, അന്ന് എസ്എഫ്‌ഐ നേതാവായിരുന്ന ഒരു വനിതാ നേതാവ് പരിഹസിക്കുന്നു. ഇപ്പോള്‍ സിപിഎമ്മുകാരിയല്ലെങ്കിലും ചോരയില്‍ അലിഞ്ഞുചേര്‍ന്ന അക്രമവാസന പാര്‍ട്ടിക്കൂറിനതീതമായി പുറത്തുവന്നതാവണം.

''സംഘര്‍ഷം തടയുന്നതില്‍ വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലില്‍'' എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചിവിട്ടിരിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. സ്വന്തം സംഘടനയില്‍പ്പെട്ട സഹപാഠിയെ കുത്തിവീഴ്ത്തിയ എസ്എഫ്‌ഐ നേതാക്കളെ ഏതറ്റംവരെ പോയും സിപിഎം സംരക്ഷിക്കും. കുറെ കഴിയുമ്പോള്‍ അന്തരീക്ഷം തണുക്കുമെന്നും, അപ്പോള്‍ സ്ഥിതിഗതികളെ പഴയതുപോലെ വരുതിയിലാക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു. ക്രിമിനല്‍ സ്വഭാവമുള്ളവരെ ഇങ്ങനെ സംരക്ഷിച്ചില്ലെങ്കില്‍ നാളെ പാര്‍ട്ടിക്കുവേണ്ടി തല്ലാനും കൊല്ലാനും ആളെ കിട്ടില്ലെന്ന് സിപിഎം നേതൃത്വത്തിന് നന്നായറിയാം. എസ്എഫ്‌ഐ സ്വതന്ത്ര സംഘടനയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഫലിതം പറയുകയാണ്. യാതൊരു ലാഘവത്വവും പ്രതികള്‍ക്കെതിരായ നടപടികളില്‍ ഉണ്ടാവില്ലെന്നൊക്കെ പിണറായി വിജയന്‍ സത്യസന്ധതയില്ലാതെ പറയുകയാണ്. പറയുന്നത് പിണറായിയാണെന്ന് ജനങ്ങള്‍ക്ക് നന്നായറിയാം. ശബരിമലയില്‍ പോലീസ് ആര്‍എസ്എസ്സിന് രഹസ്യം ചോര്‍ത്തിയെന്ന പിണറായിയുടെ വെളിപ്പെടുത്തല്‍ യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ്. 

എസ്എഫ്‌ഐ സിപിഎമ്മിന്റെ സംഘടനയായിരിക്കുന്നിടത്തോളം ക്യാമ്പസിനകത്തായാലും പുറത്തായാലും അവര്‍ക്ക് അക്രമം നടത്താതിരിക്കാനാവില്ല. അത് നിര്‍ബാധം തുടരുകതന്നെ ചെയ്യും. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തിന്റെ പേരില്‍ സിപിഎം നേതാക്കള്‍ എസ്എഫ്‌ഐയെ തള്ളിപ്പറഞ്ഞതിനും മുതലക്കണ്ണീരൊഴുക്കിയതിനും പിന്നാലെയാണ് മുന്‍ എസ്എഫ്‌ഐക്കാരനും സിപിഎം കൊല്ലം ജില്ലാസെക്രട്ടറിയുമായ കെ.എന്‍. ബാലഗോപാല്‍ 'എസ്എഫ്‌ഐ അഭിമാനം ആണ്' എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എസ്എഫ്‌ഐയുടെ അക്രമത്തില്‍ ലജ്ജകൊണ്ട് ശിരസ്സ് പാതാളത്തോളം താണുപോകുന്നുവെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറയുമ്പോള്‍, ''ലജ്ജാഭാരംകൊണ്ട് ശിരസ്സ് കുനിച്ചല്ല, അഭിമാനബോധത്താല്‍ ശിരസ്സുയര്‍ത്തിയാണ് ഈ നാട് എസ്എഫ്‌ഐയെ കാണുന്നതെന്ന്'' ബാലഗോപാല്‍ കുറിക്കുന്നു. സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇവിടെ പുറത്താവുന്നത്. 

രാഷ്ട്രീയമായ ആധിപത്യമുറപ്പിക്കാന്‍ എസ്എഫ്‌ഐ നിരപരാധികളുടെ ചോരവീഴ്ത്താത്ത ഒരൊറ്റകാമ്പസും കേരളത്തിലില്ല. രക്തസാക്ഷികള്‍ക്കുവേണ്ടിയുള്ള ആസക്തി കൂടിയാണിത്. ഇതിന് ഒരു മാറ്റം വരണമെങ്കില്‍ സാംസ്‌കാരിക ലോകം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. എസ്എഫ്‌ഐയെ മാത്രമല്ല, സിപിഎമ്മിനേയും ഒറ്റപ്പെടുത്തണം. യൂണിവേഴ്‌സിറ്റി കോളജിന്റെ പൂര്‍വകാല മഹിമയോര്‍ത്ത് ഇപ്പോഴത്തെ അധഃപതനത്തില്‍ പരിതപിച്ചതുകൊണ്ടൊന്നും കാര്യമില്ല. ഈ കോളജില്‍ വര്‍ഷങ്ങളായി എന്താണ് നടക്കുന്നതെന്ന് അറിയാത്തവരല്ലല്ലോ ഇവര്‍. കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുന്നത് പ്രതീക്ഷയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.