സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴല്ല എസ്എഫ്‌ഐ നേതാക്കളെ ലണ്ടനില്‍ അയച്ച് പരിശീലിപ്പിക്കേണ്ടത്; സംസ്ഥാന സര്‍ക്കാരിനെതിരെ കാനം

Wednesday 11 December 2019 9:29 am IST

പത്തനംതിട്ട: എസ്എഫഐ നേതാക്കളെ വിദേശത്തേയ്ക്ക് അയയ്ക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്മാരായ എസ്എഫ്‌ഐ നേതാക്കളെ ലണ്ടനിലേക്ക് അയയ്ക്കുന്നത് തെറ്റാണെന്നും കാനം കുറ്റപ്പെടുത്തി. 

സാമ്പത്തിക പ്രതിസന്ധിയുള്ള സമയത്ത് പദ്ധതികള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണം. വിവിധ കോളേജുകളില്‍ നിന്നുള്ള 70 നേതാക്കളെ ലണ്ടനില്‍ അയച്ച് പരിശീലനം നല്‍കേണ്ടത് ഈ അവസരത്തില്‍ അല്ലെന്നും അദ്ദേഹം അറിയിച്ചു. 

കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്ത് പരിശീലനത്തിന് സര്‍ക്കാര്‍ അയയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സംഭവം പര്‍വതീകരിക്കപ്പെട്ടുവെന്നും വിവാദമാക്കിയെന്നും കാനം പ്രതികരിച്ചു. മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും വിദേശ യാത്ര വിവാദമായിരുന്നു. കൂടാതെ ആരോഗ്യമന്ത്രിയും ഈ അവസരത്തില്‍ അയര്‍ലാന്‍ഡിലേക്ക് പറന്നിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ മാലിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടയിലാണ് സംസ്ഥാനത്തിന്റെ ചെലവില്‍ എസ്എഫ്‌ഐ നേതാക്കളെ ലണ്ടനിലേക്ക് അയയ്ക്കുന്നത്.

സംസ്ഥാനത്ത് കോളേജ് യൂണിയന്‍ ചെയര്‍മാന്മാരെ വിദേശത്തേക്ക് പരിശീലനത്തിന് അയക്കുന്നത് ഇതാദ്യമായാണ്. കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ പരിശീലനത്തിനായി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചെയര്‍മാന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഉത്തരവിറക്കി. ഇവരില്‍ വിരലില്‍ എണ്ണാവുിന്നവര്‍ ഒഴിച്ച് ബാക്കി എല്ലാവരും എസ്എഫ്‌ഐ നേതാക്കളാണ്. 

പാസ്‌പോര്‍ട്ട് വിവരം അടക്കം നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്‌ളെയര്‍ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇന്‍ഡെക്ഷന്‍ പരിശീലനമെന്ന നിലയ്ക്കാണ് വിദേശയാത്ര.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.