യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടാവിളയാട്ടം അവസാനിക്കുന്നില്ല; വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി കൈയിലെ രാഖി പൊട്ടിച്ചെറിയാന്‍ ശ്രമം, എസ്എഫ്‌ഐ നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു

Wednesday 21 August 2019 11:40 am IST

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളുടെ അഴിഞ്ഞാട്ടം അവസാനിക്കുന്നില്ല, കൈയില്‍ രാഖി കെട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. 

കോളേജിലെ ചരിത്രവിഭാഗത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പിജി വിദ്യാര്‍ത്ഥിനിയാണ് കൈയില്‍ രാഖി കെട്ടി എത്തിയത്. ഇതില്‍ പ്രകോപിതരായ എസ്എഫ്‌ഐ നേതാക്കള്‍ സംഘടിച്ചെത്തി പെണ്‍കുട്ടിയുടെ ക്ലാസ്സില്‍ കയറി ബഹളമുണ്ടാക്കുകയായിരുന്നു. വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും, നേതാക്കളിലൊരാള്‍ ക്ലാസ് റൂമിന്റെ ജനല്‍ ചില്ല അടിച്ചുപൊട്ടിക്കുകയും ചെയ്തു.

പിന്നീട് അധ്യാപകരെത്തിയാണ് പെണ്‍കുട്ടിയെ പ്രവര്‍ത്തകരില്‍ നിന്ന് രക്ഷിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടി സ്വയം രാഖി അഴിച്ചുമാറ്റി വസ്ത്രത്തില്‍ ഒളിപ്പിച്ചു. അതിനാല്‍ രാഖി കൈവശപ്പെടുത്താനുള്ള നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു. പ്രിന്‍സിപ്പാളിന്റെ റൂമിന് എതിര്‍വശത്തെ ബ്ലോക്കിലായിരുന്നു സംഭവം നടന്നത്. അധ്യാപകര്‍ക്കു മുന്നില്‍ വെച്ച് പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കിയാണ് നേതാക്കള്‍ ക്ലാസ് വിട്ടത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഭീഷണിപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അതേസമയം ഇതുസംബന്ധിച്ചുള്ള ഉത്തരവ് ചൊവ്വാഴ്ച ഇറങ്ങിയെങ്കിലും പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശപ്രകാരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇതുവരെയും തയ്യാറായില്ല.

എസ്എഫ്‌ഐ നേതാക്കള്‍ പ്രവര്‍ത്തകനെ കുത്തിയ സംഭവത്തിന് ശേഷം കോളേജില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങള്‍ വീണ്ടും പരാജയപ്പെടുന്നുവെന്നതിന്റെ സൂചനയാണ് ഈ സംഭവമെന്നാണ് ആരോപണം. വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.