യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്നത് കറകളഞ്ഞ ഫാസിസം; കോളേജിലെ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന എസ്എഫ്‌ഐ ഗുണ്ടകളെ വാഴിക്കരുതെന്ന് ശ്രീധരന്‍ പിള്ള

Friday 12 July 2019 7:12 pm IST
യൂണിവേഴ്‌സിറ്റി കോളേജിന്റെയും അവസ്ഥ അതു തന്നെ. എസ്.എഫ്.ഐ കുട്ടികളെ വച്ച് സിപിഎം ചുടു ചോറ് വാരിക്കുന്ന കോളേജാണത്. അവിടെ നടക്കുന്നത് കറകളഞ്ഞ ഫാസിസമാണ്. വിദ്യാര്‍ത്ഥികള്‍ പല പ്രാവശ്യം ഇതിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.

തിരുവനന്തപുരം: കറ കളഞ്ഞ ഫാസിസമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്നതെന്നും വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന എസ്എഫ്‌ഐ ഗുണ്ടകളെ വാഴിക്കരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. 

യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിനെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന നസീമിന്റെ നേതൃത്വത്തില്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണം.

കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് സര്‍വ്വാധിപത്യമുള്ള ലോകത്തെ ഏത് രാജ്യങ്ങളായാലും സ്ഥാപനങ്ങളായാലും അവിടെയെല്ലാം ഒന്നാന്തരം ജനാധിപത്യ വിരുദ്ധതയേ നടമാടിയിട്ടുള്ളൂ. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പോലും അനുവദിക്കാറില്ല. കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ പ്രതിപക്ഷ നേതാവിന്റെ പേര് ചോദിച്ചാല്‍ ബബ്ബബ്ബ എന്നല്ലാതെ മറ്റൊരു ഉത്തരവും ഉണ്ടാവാറില്ല. ലക്ഷണമൊത്ത ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണത്.

യൂണിവേഴ്‌സിറ്റി കോളേജിന്റെയും അവസ്ഥ അതു തന്നെ. എസ്.എഫ്.ഐ കുട്ടികളെ വച്ച് സിപിഎം ചുടു ചോറ് വാരിക്കുന്ന കോളേജാണത്. അവിടെ നടക്കുന്നത് കറകളഞ്ഞ ഫാസിസമാണ്. വിദ്യാര്‍ത്ഥികള്‍ പല പ്രാവശ്യം ഇതിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ കഞ്ചാവും മദ്യവും കൊടുത്ത് ക്രിമിനലുകളാക്കി വളര്‍ത്തുകയാണ്. ഈയടുത്ത് വഞ്ചിയൂരിലെ എസ്.എഫ്.ഐ ഏരിയ നേതാവിനെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പനയായിരുന്നു ഇയാളുടെ ജോലി. ഇവരൊക്കെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ ക്കാരെ നയിക്കുന്ന പുറത്തു നിന്നുള്ള നേതാക്കള്‍. 

ഞാനെങ്ങനെ വേണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് പോസ്റ്ററിലും പ്ലക്കാര്‍ഡിലും എഴുതി ഫാസിസത്തിനെതിരെ എന്ന പേരില്‍ നാടകം കളിക്കുന്ന എസ്.എഫ്.ഐക്കാര്‍ക്ക് സ്വന്തം തട്ടകങ്ങളില്‍ വിദ്യാര്‍ഥികളുടെ ഉടുപ്പും നടപ്പും പാട്ടും ഒക്കെ നോക്കുന്ന പോലീസിംഗാണ് പണി.

യൂണിയന്‍ നേതാക്കളുടെ ഭീഷണി കാരണം ഒരു വിദ്യാര്‍ത്ഥിനി ടി സി വാങ്ങിപ്പോയിട്ട് അധികമായിട്ടില്ല. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. എതിരഭിപ്രായം പറഞ്ഞതിന് പാവപ്പെട്ട വിദ്യാര്‍ത്ഥികള മര്‍ദ്ദിച്ച നിരവധി സംഭവങ്ങളുണ്ട്. എന്തിനേറെ സഖ്യകക്ഷിയായ എ.ഐ.എസ്.എഫുകാര്‍ക്ക് പോലും രക്ഷയുണ്ടായിട്ടില്ല.

ഒരു നൂറ്റാണ്ടിലേറെയായി മലയാളത്തിന്റെ തിലകക്കുറിയാണ് യൂണിവേഴ്‌സിറ്റി കോളേജ്. വളരെ വലിയ പാരമ്പര്യം അതിനുണ്ട്. അത്തരമൊരു കോളേജില്‍ വിദ്യാര്‍ത്ഥികളെ ഇരുമ്പുമറയിലിട്ട് കുത്താനും തല്ലിച്ചതക്കാനും നടക്കുന്ന എസ്എഫ്‌ഐയിലെ തെരുവു ഗുണ്ടകളെ ഇനി വാഴിക്കരുതെന്നും കേരളത്തിന് നാണക്കേടാണതെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.