ങ്ങള് ആരാ? ഫ്രണ്‍ഡ് ഓര്‍ ഫോയ്

Monday 15 July 2019 9:16 pm IST

ഛായ്! എന്തു കരുതി ഈ സംഘടനയെപ്പറ്റി. ജനാധിപത്യം, സ്വാതന്ത്ര്യം, സോഷ്യലിസം എന്ന് കൊടിയില്‍ എഴുതിവെച്ചാല്‍ പോര, അത് സ്വാഭാവികമായി ഓരോരുത്തരിലും തുള്ളിത്തുടിച്ചു വരണം. ആ ഒരു ഉദ്ദേശ്യശുദ്ധിയോടെയാണ് സംഘടന രൂപമെടുക്കുന്നതുതന്നെ. കേരളത്തിലെ പിള്ളാര്‍ക്ക് മാത്രം പോര ഈദൃശ കാര്യങ്ങളെന്ന് മൂത്ത മാമന്മാര്‍ക്ക് ബോധ്യം വന്നവാറെ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍  എന്നതു സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആയി വലിയകുപ്പായമിട്ടു. വലിയ കുപ്പായമിട്ടാല്‍ വലിയരീതിയില്‍ ചിന്തിക്കണമെന്ന് മാര്‍ട്ടിന്‍ ലൂഥര്‍കിങ് പറഞ്ഞിട്ടുണ്ട്. ചെഗുവേര അങ്ങനെ പറഞ്ഞിരുന്നോ എന്ന് ചോദിക്കരുത്. സ്വാഭാവികമായും പറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്.

 വലിയരീതിയില്‍ ചിന്തിക്കാന്‍ നോക്കിയപ്പോഴാണ് മുദ്രാവാക്യങ്ങളുടെ അര്‍ത്ഥതലങ്ങള്‍ അത്ര പൊടുന്നനെ വ്യാപിപ്പിക്കാന്‍ കഴിയില്ലെന്നു മനസ്സിലായത്. ഓരോ കോളജിലായി മാതൃകാസംഘടനാ പ്രവര്‍ത്തനം നടത്തുകയെന്ന രീതിയിലേക്ക് പോകലാണ് നന്നെന്ന് തോന്നിയതോടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം തെരഞ്ഞെടുക്കുകയാണുണ്ടായത്. ജനാധിപത്യം, സ്വാതന്ത്ര്യം, സോഷ്യലിസം എന്ന മഹത്തായ സന്ദേശം പെട്ടന്നങ്ങട് ആര്‍ക്കും ദഹിക്കില്ലല്ലോ.

ആയതിനാല്‍ അത് ദഹിക്കുന്നവരെ മാത്രം വാര്‍ത്തെടുക്കുക എന്ന ഏക മുഖപദ്ധതിയാണ് നടപ്പാക്കിയത്. അതിനുപറ്റിയ കലാലയം യൂണിവേഴ്‌സിറ്റി കോളജല്ലാതെ മറ്റേത്? അതില്‍ ആര്‍ക്കാനും തെറ്റു പറയാനാവുമോ? അപ്പോ നിങ്ങള്‍ ചോദിക്കും, എന്താണീ ജനാധിപത്യം എന്ന്. എല്ലാവരും തുല്യര്‍ എന്നതുതന്നെ. എല്ലാവരും തുല്യരാവണമെങ്കില്‍ ഒരേ ആശയം എല്ലാവരും മനസ്സില്‍ കിളുര്‍പ്പിക്കണം. അത്രയേ ഉള്ളൂ. മ്മടെ യൂണിവേഴ്‌സിറ്റി കോളജില്‍ അതേ നടന്നിട്ടുള്ളൂ. ബഹുഭൂരിപക്ഷത്തിന്റെ ഇച്ഛയെന്തോ അത് നടപ്പില്‍ വരുന്നതാണല്ലോ ജനാധിപത്യം.

പിന്നെയുള്ളത് സ്വാതന്ത്ര്യമാണ്. എല്ലാവരെയും ഒരേ ആദര്‍ശത്തിന്റെ പാതയിലേക്ക് കൊണ്ടുപോകാനുള്ള മാധ്യമമായാണ് സ്വാതന്ത്ര്യത്തെ സംഘടന കാണുന്നത്. അത് അങ്ങനെ തന്നെയല്ലേ വേണ്ടത്? ഈ ആദര്‍ശമില്ലാത്ത ഒരു വിദ്വാനോ വിദ്വായിയോ എതിരുനിന്നാല്‍ സ്വാതന്ത്ര്യം അവിടെ അവസാനിക്കില്ലേ? ബഹുഭൂരിപക്ഷത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഓരോരുത്തരും നടന്നടുക്കുന്നതല്ലേ അതിന്റെയൊരു രീതി? അല്ലാതെ എല്ലാവരുംകൂടി ഒരാളുടെ ആദര്‍ശത്തിലേക്ക് മാര്‍ച്ച് നടത്തുന്നതല്ലല്ലോ. അപ്പോ, സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയായല്ലോ, ല്ലേ?

ഇനി സോഷ്യലിസമാണ്. നടേ പറഞ്ഞ രണ്ടെണ്ണം നേരാംവണ്ണം നടപ്പാക്കുന്നുണ്ടോ എന്നതിന്റെ ലിറ്റ്മസ് പരിശോധനയാണ് സോഷ്യലിസത്തിലൂടെ നടക്കുന്നത്. ഒരു കോളജ്, ഒരു യൂണിയന്‍, ഒരു പ്രവര്‍ത്തനം എന്ന സമത്വസുന്ദരസങ്കല്‍പം ഉയര്‍ന്നുവരാനാണ് ഇക്കാണായ പരിശ്രമങ്ങളൊക്കെ നടത്തിയത്. അതാണിപ്പോള്‍ പൊതുജനദൃഷ്ടിയില്‍ വലിയ ക്രിമിനല്‍ കുറ്റമായിരിക്കുന്നത്.

നോക്കൂ, ക്ലാസില്‍ പോകുന്നില്ലേ? എന്താണീ മരച്ചോട്ടില്‍ ഇരുന്നൊരു സംസാരം? ജനാധിപത്യം ശക്തിപ്പെടുത്താന്‍ സമരത്തിനിറങ്ങുന്നില്ലേ? പാവപ്പെട്ട പിള്ളാര്‍ക്ക് കഞ്ഞികുടിക്കാന്‍ സംഭാവന നല്‍കുന്നില്ലേ? ഇത്യാദി ചോദ്യങ്ങള്‍ കുട്ടികളോട് ചോദിക്കുന്നത് ഫാസിസമാണെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ? സമൂഹത്തിലെ ഇടപെടലിന്റെ പരിശീലനമല്ലേ അതുവഴി ലഭിക്കുന്നത്? യൂണിവേഴ്‌സിറ്റി കോളജ് എല്ലാ നിലയ്ക്കും മാതൃകാസ്ഥാപനമാവണമെന്ന് ആഗ്രഹിച്ച ഒരു സംഘടനയെ ഇങ്ങനെ അവമതിക്കാന്‍ പാടുണ്ടോ? എല്ലാം നേരാംവണ്ണം വരണമെന്ന ഒറ്റ ഉദ്ദേശ്യമല്ലാതെ മറ്റൊന്നും ഇതിന്റെ പിറകിലില്ല. ഒരാളെ കുത്തുമ്പോള്‍ പോലും എത്ര കാലാത്മകമായാണ് അത് ചെയ്തത്. അയാളെ നേര്‍വഴി നടത്താനുള്ള അറ്റകൈ പ്രയോഗമായിരുന്നു അത്. 

എന്നാല്‍ ഇതിന്റെ പിന്നിലെ ഗുണാത്മകവശത്തെ ആരും കാണുന്നില്ല എന്നതത്രേ ദുഃഖകരമായ സംഗതി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടരീതിയില്‍ ഉപദേശനിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ട് മാതൃകാപരമായ ഉത്തരവാദിത്തമാണ് എകെജി കേന്ദ്രവും വിപ്ലവ മാമ്മന്മാരും നിറവേറ്റിക്കൊണ്ടിരുന്നത്. അവരുടെ ത്യാഗനിര്‍ഭരമായ കഥകള്‍ അനവധിയുണ്ട് പറയാന്‍. അവര്‍ക്ക് സമരം നടത്തേണ്ടി വരുമ്പോള്‍, എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുമ്പോള്‍ നിശ്ചയമായും പിള്ളാര്‍ രംഗത്തിറങ്ങാറുണ്ടെന്നത് വസ്തുതയാണ്. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും എന്നുണ്ടല്ലോ. കോളജിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൈയയച്ച് സഹായം നല്‍കുമ്പോള്‍ ആവുന്നതൊക്കെ അവര്‍ക്കും ചെയ്തുകൊടുക്കണ്ടേ? എന്നാല്‍ ഇപ്പോള്‍ എല്ലാം തള്ളിപ്പറയുന്ന ഒരു സ്ഥിതിയുണ്ടായിരിക്കുന്നു. ഇതില്‍ പക്ഷേ, അത്ര വിഷമിക്കാനൊന്നുമില്ല. പാര്‍ട്ടിയുടെ എന്നത്തേയും രീതി അങ്ങനെയാണെന്ന് അറിയുന്നതല്ലേ? തല്‍ക്കാലത്തെ പൊട്ടലും ചീറ്റലും ഒന്നടങ്ങുന്നതുവരെ മാമ്മന്മാര്‍ക്ക് ഇതല്ലാതെ മറ്റെന്തു ചെയ്യാനാവും?

ആയതിനാല്‍ ഒരു കാര്യം നേരെ ചൊവ്വെ അങ്ങ് പറഞ്ഞേക്കാം. ജനാധിപത്യം, സ്വാതന്ത്ര്യം, സോഷ്യലിസം എന്നീ മഹദ്ദര്‍ശനങ്ങള്‍ ഗുളികപ്പരുവത്തിലാക്കി വിഴുങ്ങാന്‍ സാധ്യമല്ല. കനല്‍പ്പാതകളിലൂടെ, കഠിന യാതനകളിലൂടെ മാത്രമേ അത് നേടിയെടുക്കാനാവൂ. അങ്ങനെ നേടിയെടുക്കുന്ന വേളയില്‍ ചില സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ അനിവാര്യം. കുത്ത്, ചവിട്ട്, പീഡനം, ഒറ്റപ്പെടുത്തല്‍, വിലക്ക്, ഭ്രഷ്ട്, പണപ്പിരിവ് തുടങ്ങിയ കലാപരിപാടികള്‍ അനിവാര്യമാണ്. നേതൃനിരയിലെ ഓരോരുത്തരും ദൈവതുല്യരാണ്. അവരെ വേണ്ട രീതിയില്‍ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുകയാണ് വേണ്ടത്. അപഭ്രംശമുണ്ടായാല്‍ പ്രത്യാഘാതത്തിന്റെ തോത് എത്രയെന്ന് പറയാനാവില്ല. അതില്‍ സ്വന്തം പാര്‍ട്ടിക്കാരന്‍, അന്യപാര്‍ട്ടിക്കാരന്‍ എന്ന വേര്‍തിരിവൊന്നുമില്ല. അനുസരിക്കുക, അടങ്ങിയിരിക്കുക എന്നിത്യാദി മാത്രമേയുള്ളൂ. അനുസരണക്കേടിന്റെ ശിക്ഷയെക്കുറിച്ചുള്ള മാര്‍ക്‌സിയന്‍ ചിന്താധാരയെക്കുറിച്ച് ബോധമില്ലാത്തതുകൊണ്ടാണ് പൊതുസമൂഹം അനാവശ്യ വിവാദങ്ങള്‍ക്ക് തീകൊളുത്തുന്നത്. ആയതിനാല്‍ അവരോട് ഒരപേക്ഷ: മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം വായിക്കുക, വിശകലനം ചെയ്യുക; സംശയം പമ്പകടക്കും, ഉറപ്പ്. പിന്നെ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നതിന് സ്റ്റുഡന്റ്‌സ് ഫോയ്(ശത്രു) ഓഫ് ഇന്ത്യ എന്നൊരു വശം കൂടിയുണ്ടെന്ന് മനസ്സിലാക്കിക്കോളിന്‍.

ലാസ്റ്റ് ഡ്രോപ്: മറ്റൊരു സംഘടനയ്ക്ക് പ്രവര്‍ത്തനം അനുവദിക്കാത്ത നയം എസ്എഫ്‌ഐയുടേതല്ല, എസ്എഫ്‌ഐ വേഷധാരികളുടേതാണ്-എം.എ. ബേബി.

വേഷത്തിലെന്തുകാര്യം മച്ചാ 

ഭാഷയിലല്ലേഭാവി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.