ധോണിയെ ഏഴാം നമ്പറില്‍ ഇറക്കിയതിനെതിരെ സച്ചിനും ഗാംഗുലിയും ലക്ഷ്മണും

Friday 12 July 2019 2:31 am IST

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ സെമിയില്‍ തോറ്റ ടീം ഇന്ത്യക്കെതിരെ മുന്‍ താരങ്ങള്‍ രംഗത്ത്. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരാണ് ഇന്ത്യന്‍ തന്ത്രങ്ങള്‍ക്കെതിരെ രംഗത്തുവന്നത്.

തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്കുശേഷം ആദ്യം ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവരും പിന്നീട് രവീന്ദ്ര ജഡേജ-മഹേന്ദ്രസിങ് ധോണി സഖ്യവും കാഴ്ചവച്ച പോരാട്ടവീര്യമാണ് കൂറ്റന്‍ തോല്‍വിയെന്ന നാണക്കേടില്‍നിന്ന് ടീം ഇന്ത്യയെ രക്ഷിച്ചത്.

എന്നാല്‍, കളിക്കളത്തിലെ തന്ത്രങ്ങളില്‍ ഇന്ത്യ കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തേണ്ടിയിരുന്നുവെന്നാണ് മുന്‍ താരങ്ങള്‍ പറഞ്ഞത്. ധോണിയെ ഏഴാം നമ്പറില്‍ ഇറക്കിയാണ് സച്ചിനുള്‍പ്പെടെയുള്ളവരെ ചൊടിപ്പിച്ചത്. അഞ്ചു റണ്‍സിനിടെ രോഹിത്, രാഹുല്‍, കോഹ്‌ലി എന്നിവര്‍ പുറത്തായിട്ടും ക്യാപ്റ്റന്‍ കൂള്‍ ധോണിയെ നേരത്തെ ഇറക്കാതിരുന്നത് വന്‍ വീഴ്ചയായാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യന്‍ ഏകദിന ടീമില്‍ അത്ര പതിവുകാരനല്ലാത്ത, ഈ ലോകകപ്പില്‍ ചുരുക്കം അവസരങ്ങള്‍ മാത്രം ലഭിച്ച കാര്‍ത്തിക്കിനു പകരം ധോണിയെയായിരുന്നു ഇറക്കേണ്ടിയിരുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുറച്ചധികം നേരം പ്രതിരോധിച്ചുനിന്നെങ്കിലും നങ്കൂരമിട്ടു കളിക്കാന്‍ കാര്‍ത്തിക്കിനായില്ല. പവര്‍പ്ലേ അവസാനിക്കുമ്പോഴേയ്ക്കും ഇന്ത്യ നാലിന് 24 റണ്‍സ് എന്ന നിലയില്‍ തകരുകയും ചെയ്തു.

അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ധോണി ഇറങ്ങിയിരുന്നെങ്കില്‍ ഒരുപക്ഷെ, മത്സരഫലം തന്നെ മാറുമായിരുന്നുവെന്നാണ് സച്ചിന്‍ പറഞ്ഞത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നങ്കൂരമിട്ടു കളിക്കാന്‍ ധോണിക്കു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ധോണിയുടെ സാന്നിദ്ധ്യം മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുമായിരുന്നു, സച്ചിന്‍ പറഞ്ഞു.

ധോണിയെ നാലാമനായി ഇറക്കേണ്ടതായിരുന്നുവെന്ന് സൗരവ് ഗാംഗുലിയും പറഞ്ഞു. അങ്ങനെയെങ്കില്‍ നങ്കൂരമിട്ട് കളിക്കാനും ടീമിനെ വിജയത്തിലേക്ക് നയിക്കാനും കഴിയുമായിരുന്നു. മാത്രമല്ല, ക്രീസില്‍ നില്‍ക്കുന്ന യുവതാരങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ധോണിക്കു കഴിയുമായിരുന്നു. ഇംഗ്ലണ്ട് പോലുള്ള സ്ഥലങ്ങളില്‍ കാറ്റും ഒരു നിര്‍ണായക ഘടകമാണ്. പന്തിനൊപ്പം ധോണിയാണ് ക്രീസിലുണ്ടായിരുന്നതെങ്കില്‍ കാറ്റു വീശുന്നതിന്റെ എതിര്‍ ദിശയില്‍ അത്തരമൊരു ഷോട്ടു കളിക്കാന്‍ അനുവദിക്കുമായിരുന്നില്ല. ധോണിക്കു ശേഷം രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ വരാനുള്ളപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പവുമാകുമായിരുന്നു. നാലോ അഞ്ചോ ഓവറില്‍ മികച്ച രീതിയില്‍ റണ്‍സ് നേടാന്‍ കെല്‍പ്പുള്ളവരാണ് ഇവരെല്ലാം, പ്രത്യേകിച്ചും കാര്‍ത്തിക്. എന്നാല്‍ കൂട്ടത്തകര്‍ച്ചയ്ക്കിടെ ക്രീസിലെത്തുമ്പോള്‍ മികവ് പ്രകടിപ്പിക്കാന്‍ കഴിയാത്ത താരമാണ് കാര്‍ത്തികെന്നും ഗാംഗുലി പറഞ്ഞു.

ധോണിയെ ബാറ്റിങ് ലൈനപ്പില്‍ താഴേയ്ക്കു മാറ്റിയത് തന്ത്രപരമായ പിഴവാണെന്ന് വി.വി.എസ്. ലക്ഷ്മണും പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യക്കും ദിനേഷ് കാര്‍ത്തിക്കിനും മുന്‍പു വരേണ്ടിയിരുന്നത് ധോണിയാണ്. ധോണിയുടെ അനുഭവ സമ്പത്തും ബാറ്റിങ് ശൈലിയും ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാനുള്ള സമയമായിരുന്നു അത്. ധോണി നേരത്തെ വന്നിരുന്നെങ്കില്‍ ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമാകാതെ നോക്കാമായിരുന്നു. മാത്രമല്ല, ഋഷഭ് പന്തിനൊപ്പം മികച്ച കൂട്ടുകെട്ടു തീര്‍ക്കാനുള്ള സാധ്യതയും ധോണിക്കുണ്ടായിരുന്നു. 2011 ലോകകപ്പ് ഫൈനലില്‍ യുവരാജ് സിങ്ങിനു പകരം നാലാം നമ്പറില്‍ എത്തി കളി ജയിപ്പിച്ചയാളാണ് ധോണിയെന്നത് മറക്കരുതായിരുന്നെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.