ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ ആസൂത്രിതനീക്കം

Friday 1 November 2019 2:38 am IST

ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്ന പുതിയ ബുക്കിംഗ് സംവിധാനം അയ്യപ്പഭക്തരുടെ മലയാത്ര പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന വാര്‍ത്ത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശങ്കയുണര്‍ത്തുന്നതാണ്. ക്രമാതീതമായ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി 2011-12ലെ തീര്‍ത്ഥാടനകാലത്താണ് കേരള പോലീസ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യമെത്തുന്നവര്‍ക്ക് ആദ്യ അവസരം എന്ന രീതിയില്‍ ഓണ്‍ലൈന്‍ വഴി സമയം ബുക്ക് ചെയ്തുകൊണ്ടുള്ള ക്യൂ സംവിധാനമാണിത്. സാധാരണ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ എത്തുന്ന ഭക്തരെ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി നടപ്പന്തിലിലെത്തിച്ചാണ് ദര്‍ശനസൗകര്യം ഒരുക്കിയിരുന്നത്. ഇത്തവണ വെര്‍ച്വല്‍ ക്യൂവിന് പുറമെ നോര്‍മ്മല്‍ ക്യൂ അഥവാ സ്വാമി ക്യൂ ബുക്കിംഗ് എന്ന പുതിയ സംവിധാനംകൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി നടപ്പന്തലിലെത്തുന്ന പരമ്പരാഗത പാതയിലൂടെയാണ് ഈ പുതിയ സംവിധാനം വഴിയുള്ള തീര്‍ത്ഥാടനം.

പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള രണ്ടുവഴികളും ബുക്കിംഗിലൂടെ പോലീസ് നിയന്ത്രിക്കുമ്പോള്‍ അതില്ലാത്ത ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വന്നേക്കും. ബുക്കിംഗ് വഴി ആക്ടീവിസ്റ്റുകളടക്കമുള്ള യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ അവരെ പോലീസ് എളുപ്പത്തില്‍ സന്നിധാനത്ത് എത്തിക്കും. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ വിധി സംബന്ധിച്ച നിയമപോരാട്ടങ്ങളില്‍ യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതിന്റെ തെളിവ് ഈ ഓണ്‍ലൈന്‍ ക്യൂ ബുക്കിംഗിലൂടെ ശേഖരിക്കാന്‍ കഴിയും. കഴിഞ്ഞവര്‍ഷം ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിച്ച് പരാജയപ്പെട്ട ഇടതുസര്‍ക്കാര്‍ ഇത്തവണ മുന്‍കൂട്ടിതന്നെ ആചാരലംഘനത്തിന് വഴിയൊരുക്കാനുള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കരണമെന്ന ഭക്കതരുടെ ആശങ്ക മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്. എല്ലാവഴികളും പോലീസ് നിയന്ത്രണത്തിലാക്കിയാല്‍ മണ്ഡല-മകരവിളക്ക് കാലത്തെ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവരും. അങ്ങനെവന്നാല്‍ ശബരിമലയില്‍ നടതുറക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടേണ്ടിവരും. ഇതിലൂടെ വര്‍ഷം മുഴുവന്‍ ശബരിമല നട തുറക്കണമെന്ന ആവശ്യമുയരാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ശബരിമലയെ സാധാരാണ ക്ഷേത്രങ്ങള്‍ക്ക് സമാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ചും മറ്റ് ഹീനമാര്‍ഗങ്ങളിലൂടെയും യുവതികളെ, അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ, ശബരിമലയില്‍ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ലക്ഷക്കണക്കിന് വിശ്വാസികളൂടെയും ഹിന്ദുസംഘടനകളുടെയും ചെറുത്തുനില്‍പിലൂടെ പ്രതിരോധിച്ചത് കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് കണ്ടതാണ്. ആ വിശ്വാസവിരുദ്ധ നീക്കങ്ങങ്ങളോടുള്ള പ്രതികരണമെന്നോണം ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും ാം കണ്ടു. എന്നിട്ടും പാഠം പഠിക്കാതെ വിശ്വാസികളുടെ വികാരങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പിക്കാത്ത നിലാട് തുടരാനാണ് പിണറായി സര്‍ക്കാരിന്റ ഉദ്ദേശ്യമെങ്കില്‍ അതില്‍ സഹതപിക്കാനേ ഞങ്ങള്‍ക്ക് കഴിയൂ. കഴിഞ്ഞ വര്‍ഷത്തേതുപോലെ ശബരിമല പോലീസ് ഭരണത്തിലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ ഇത്തവണയും ഭക്തലക്ഷങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ ചെറുത്തുനില്‍ുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ട് ആസൂത്രിതമായി ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന കാര്യത്തില്‍ ഇവിടത്തെ വിശ്വാസിസമൂഹത്തിന് ആശങ്കയുണ്ട്.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ രണ്ടാഴ്ചമാത്രം ബാക്കിയുള്ളപ്പോഴും പമ്പയിലും എരുമേലിയിലും ഒരുക്കങ്ങള്‍ ഒന്നും പൂര്‍ത്തിയായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും ആശങ്കയുണര്‍ത്തുന്നു. എരുമേലിയില്‍ റോഡുകളുടെ നവീകരണം, വഴിവിളക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനം തുടങ്ങിയ മുന്നൊരുക്കങ്ങളൊന്നും എവിടെയുമെത്തിയിട്ടില്ല. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ പട്ടിമറ്റത്ത് കഴിഞ്ഞവര്‍ഷം ഇടിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയത് കഴിഞ്ഞദിവസമാണ്. മഴ കാരണം പണി മുന്നോട്ട് നീങ്ങുന്നുമില്ല. സീസണ്‍ ആകുന്നതോടെ ഈ റോഡിലൂടെ എത്തുന്ന നൂറുകണക്കിന് തീര്‍ത്ഥാടനവാഹനങ്ങള്‍ വഴിയില്‍ കുടുങ്ങുമെന്ന അവസ്ഥയാണുള്ളത്. പ്രളയത്തില്‍ തകര്‍ന്ന കടവുകളുടെ പുനര്‍നിര്‍മാണവും നടന്നിട്ടില്ല. സാധാരണയായി സീസണ്‍ തുടങ്ങുന്നതിന് രണ്ടുമാസം മുമ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നടക്കാറുള്ള മന്ത്രിതല യോഗം ഇതുവരെ ചേര്‍ന്നിട്ടില്ല. മണ്ഡലകാലം തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ നാളെ യോഗം നടക്കുമെന്നാണറിയുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ കാണിക്കുന്നത് എന്നതിന്റെ തെളിവാണിത്. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്ന് ഈ സീസണില്‍ തീര്‍ത്ഥാടകരുടെ വരവില്‍ കുറവ് അനുഭവപ്പെടുമോ എന്ന ആശങ്ക കച്ചവടക്കാര്‍ക്കുമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ എരുമേലിയിലും പമ്പയിലും താത്കാലിക സ്റ്റാളുകള്‍ വളരെ കുറച്ചുമാത്രമേ ലേലത്തില്‍ പോയുള്ളു. ഇത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടം വരുത്തിവയ്ക്കും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മാത്രമായി ഇതിനെ കാണാനാവില്ല. ഹിന്ദുക്കളുടെ തീര്‍ത്ഥാടനസംസ്‌കാരത്തെ തകര്‍ക്കാനും ഹൈന്ദവ ഏകീകരണത്തെ തടയാനുമുള്ള ആസൂത്രിതമായ നീക്കമായികൂടി ഈ അനാസ്ഥയെ കാണണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.