നാണംകെട്ടു നാണംകെട്ടു കോണ്‍ഗ്രസ്

Thursday 16 January 2020 5:00 am IST

 

പ്രതിപക്ഷ കക്ഷികളുടെ യോഗം ഉടന്‍ വിളിക്കണമെന്നാണ് പ്രധാനമന്ത്രിയോടുള്ള കോണ്‍ഗ്രസിന്റെ പുതിയ ആവശ്യം. ദേശീയ പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാ പാര്‍ട്ടികളുടേയും യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിക്കണം പോലും. ഇതേ വിഷയം  ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ വിളിച്ച യോഗത്തോട് ഘടകക്ഷികള്‍പോലും മുഖംതിരിച്ചപ്പോഴാണ് പുതിയ ആവശ്യം. സര്‍ക്കാര്‍ തന്നെ എല്ലാവരേയും വിളിക്കണം.  അതും പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നിലപാടെടുക്കാന്‍. 

 കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അടുത്ത സഖ്യകക്ഷികള്‍ പോലും എത്തിയിരുന്നില്ല. കാലങ്ങളായി ഒപ്പമുള്ള ഡിഎംകെയും മഹാരാഷ്ട്രയില്‍ ഒരുമിച്ചു ഭരിക്കുന്ന ശിവസേനയും യോഗത്തിനെത്താത്തത് ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് പണിപ്പെടുകയാണ്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, മായാവതിയുടെ ബിഎസ്പി, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവരും സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തില്ല.

 കേന്ദ്ര സര്‍ക്കാരിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന്റെ ഭാവിയാണ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടത്. ഭരണമുള്ള സംസ്ഥാനങ്ങളില്‍  പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചും ദേശീയ ജനസംഖ്യ കണക്കെടുപ്പ് നിര്‍ത്തി വെച്ചും മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

 ഇതിനെതിരായുള്ള സമരത്തെ മഹാസംഭവമായി ചിത്രീകരിക്കുമ്പോഴും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് എവിടെ എന്ന ചോദ്യം ശക്തമാണ്. കോളേജ് വിദ്യാര്‍ത്ഥികളും ചന്ദ്രശേഖര്‍ ആസാദിനെപ്പൊലുള്ള സ്വയം പ്രഖ്യാപിത നേതാക്കളും പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു. രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ വലിയ നേതാക്കള്‍ പരുക്കേറ്റവരേയും മറ്റും സന്ദര്‍ശിച്ച് വാര്‍ത്തയില്‍ ഇടം പിടിക്കുന്നവര്‍ മാത്രമായി മാറി.

 കേരളത്തിലാണ് കോണ്‍ഗ്രസ് ഏറെ നാണം കെട്ടത്. സിപിഎമ്മിന്റെ കെണിയില്‍ വീണതാണ് പ്രശ്‌നമായത്. ബിജെപിക്കും മോദിക്കുമെതിരായ സംയുക്തപ്രക്ഷോഭം എന്ന ആകര്‍ഷക മുദ്രാവാക്യത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പെട്ടു. സമരത്തിന്റെ നേതൃത്വവും ഗുണഫലവും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കൊണ്ടുപോകുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍. നിയമത്തിനെതിരെ നിയമസഭയില്‍ കോണ്‍ഗ്രസുകാര്‍ കൂടി പിന്തുണച്ചു പാസാക്കിയ പ്രമേയത്തെ തള്ളിപ്പറയേണ്ട ഗതികേടിലെത്തി കെപിസിസി അധ്യക്ഷന്‍. പ്രമേയത്തിനു കടലാസ്സിന്റെ വിലമാത്രം എന്നു പറഞ്ഞ ഗവര്‍ണര്‍ പറഞ്ഞതുതന്നെ പാര്‍ട്ടി അധ്യക്ഷനും പറയുന്നു. ഗവര്‍ണര്‍ക്കുനേരെ ഭള്ള് പറയുകയും വഴിയില്‍ തടയുമെന്ന് വീരവാദം മുഴക്കുകയും ചെയ്ത ഛോട്ടാ നേതാക്കള്‍ക്ക് പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥ.

അവസാനം സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് പ്രതിപക്ഷനേതാവും പറഞ്ഞിരിക്കുകയാണ്. സംയുക്ത പ്രക്ഷോഭം അടഞ്ഞ അധ്യായമാണെന്നു പറയുക മാത്രമല്ല പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം  നടത്തുന്ന പ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത് ശരിയല്ലന്നുകൂടി അറിയിക്കുകയാണ് ചെന്നിത്തല.

ഗാന്ധിജിയും നെഹ്‌റുവും മന്‍മോഹനും എല്ലാം ആവശ്യപ്പെട്ട കാര്യം നരേന്ദ്ര മോദി നടപ്പിലാക്കിയപ്പോള്‍ എതിര്‍പ്പുമായി വന്നതിന്റെ കാപട്യം ജനം തിരിച്ചറിഞ്ഞതോടെ നാണം കെട്ട കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്റെ പേരില്‍ കൂടുതല്‍ നാണം കെടുകയാണ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.