ഷെയ്ന്‍ നിഗത്തിന്റേത് പ്രകോപനപരമായ സമീപനം; ചര്‍ച്ചയില്‍നിന്ന് പിന്മാറി അമ്മയും ഫെഫ്കയും; സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സംഘടനകള്‍

Monday 9 December 2019 5:36 pm IST
നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്‌നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് നടന്‍ ഷെയ്ന്‍ നിഗം തലസ്ഥാനത്ത് പറഞ്ഞത്. അവരു പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണം.

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വന്‍ വഴിത്തിരിവ്. ഷെയ്‌നിന്റെ പ്രകോപനപരമായ സമീപനമാണെന്നും അതുകൊണ്ട് തന്നെ ചര്‍ച്ചകൡനിന്ന് പിന്‍മാറുകയാണെന്നുമാണ് അമ്മയുടേയും ഫെഫ്കയുടേയും നിലപാട്. 

ഷെയ്ന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമാണ്. സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാനും ഷെയ്ന്‍ ശ്രമിച്ചെന്ന് സംഘടനകള്‍ വ്യക്തമാക്കി.

നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്‌നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് നടന്‍ ഷെയ്ന്‍ നിഗം  തലസ്ഥാനത്ത് പറഞ്ഞത്. അവരു പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണം. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയ്‌നിന്റെ പ്രതികരണം. അമ്മ തന്റെ സംഘടനയാണ്. അമ്മ പിന്‍തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയിന്‍ നിഗം തിരുവനന്തപുരത്ത് പറഞ്ഞു. ചലച്ചിത്രമേളയില്‍ തന്റെ ചിത്രങ്ങളായ ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ് എന്നിവയുടെ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു ഷെയിന്‍ നിഗം.

''ഒത്തുതീര്‍പ്പിന് തന്നെയാണ് ഞാനവിടെ പോയത്. എന്നിട്ടെന്താ സംഭവിക്കുന്നത്? നമ്മള് പറയുന്നത് അവിടെ ആരും കേള്‍ക്കില്ല. അവര്‍ പറയുന്നത് നമ്മള്‍ കേട്ടോണ്ട് നില്‍ക്കണം. റേഡിയോ പോലെ എന്നിട്ടെല്ലാം അനുസരിക്കണം.  അത് പറ്റില്ല. അമ്മ എന്റെ സംഘടനയാണ്. അമ്മ എനിക്ക് വേണ്ടി സംസാരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ മാത്രമാണ് എന്റെ ഏകപ്രതീക്ഷ. നിര്‍മാതാക്കള്‍ ചെയ്യാനുള്ളതൊക്കെ ചെയ്യും. എന്നിട്ട് കൂടിപ്പോയാല്‍ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ഖേദമറിയിച്ചേക്കും. അതുകൊണ്ട് എന്താ കാര്യം? ഇത്തവണ സെറ്റില്‍പ്പോയപ്പോള്‍ നിര്‍മാതാവല്ല എന്നെ ബുദ്ധിമുട്ടിച്ചത്. ആ പടത്തിന്റെ സംവിധായകനും ക്യാമറാമാനുമാണ്. എനിക്കും ഇതിന് തെളിവുകള്‍ ഉണ്ട്. അത് എവിടെ വേണമെങ്കിലും ഞാന്‍ പറഞ്ഞോളാം'', ഷെയ്ന്‍ നിഗം പറഞ്ഞു.

അതേസമയം, ഷെയ്ന്‍ നിഗം വിഷമങ്ങള്‍ തുറന്നു പറഞ്ഞതായി മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കി. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയാണെന്ന് ഷെയിന്‍ നിഗം തന്നോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലത്. സിനിമാ വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെങ്കിലും ഷെയിന്‍ നിഗവും സിനിമാ നിര്‍മാതാക്കളുമായുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. രമ്യമായി പോകുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലതെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റില്‍ പോലീസ് പരിശോധനയ്ക്ക് നിയമപരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഷെയ്ന്‍ നിഗവുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.  ഷെയ്ന്‍ നിഗം അമ്മയോടൊപ്പം എത്തിയാണ് മന്ത്രി ബാലനുമായി തിരുവനന്തപുരത്തെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്.

ഷെയ്‌നിനെ ഭീകരവാദിയായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ്. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാല്‍ കഴിയാവുന്നത് ചെയ്യുമെന്നും മന്ത്രി ബാലന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.