ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു

Saturday 20 July 2019 4:16 pm IST

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായ ഷീല ദീക്ഷിത് (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഡല്‍ഹി പിസിസി അധ്യക്ഷ കൂടിയാണ് ഷീല.1938 മാര്‍ച്ച് 31 നാണു ജനനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ ഒരു പ്രധാന രാഷ്ട്രീയപ്രവര്‍ത്തക കൂടിയാണ് ഷീല ദീക്ഷിത്. ജനുവരി 2009 ല്‍ ഷീല തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയാവുകയായിരുന്നു (1998 മുതല്‍ 2013 വരെ). ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. 

2013-ല്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാര്‍ട്ടിയുടെ ചെയര്‍മാന്‍ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടതോടുകൂടി 2013 ഡിസംബര്‍ എട്ടാം തീയതി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു. 2014 മാര്‍ച്ച് 11-നാണു കേരള ഗവര്‍ണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തത്. 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം യുപിഎ സര്‍ക്കാര്‍ നിയമിച്ച പന്ത്രണ്ടോളം ഗവര്‍ണര്‍മാരെ നീക്കാന്‍ ശ്രമിച്ചിരുന്നു ഇതോടെയാണ് 2014 ഓഗസ്റ്റ് 26ന് അവര്‍ രാജിവച്ചത്. അഞ്ചു മാസമാണ് അവര്‍ കേരള ഗവര്‍ണറായിരുന്നത്.  ഇക്കാലയളവില്‍ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് അവസരം കിട്ടിയില്ല. ഗവര്‍ണറായിരുന്ന കാെത്തു എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ. എ.വി. ജോര്‍ജിനെ പിരിച്ചുവിട്ടത് ഏറെ വിവാദമായിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വിസിയെ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ പിരിച്ചുവിടുന്നത്. 2010-ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന അഴിമതികേസുകളില്‍ അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.