ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം; വെസ്‌ലി മാത്യൂസിനെ ജീവപര്യന്തത്തിന് ഉത്തരവിട്ടു

Thursday 27 June 2019 9:07 am IST

വാഷിങ്ടണ്‍ : മൂന്ന് വയസുകാരിയായ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. മലയാളി ദമ്പതികള്‍ ബീഹാറില്‍ നിന്നും ദത്തെടുത്ത കുട്ടിയാണ് ഷെറിന്‍.

2017 ഒക്ടോബറിലാണ് ഷെറിന്‍ മാത്യൂസിനെ ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസും സിനി മാത്യൂസുമാണ് കൊലപാതകത്തിനു പിന്നിലെന്ന് കണ്ടെത്തിയത്. കേസില്‍ വളര്‍ത്തമ്മ സിനി മാത്യൂസിനെ പതിനഞ്ച് മാസത്തിന് ശേഷം ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. 

ആദ്യം, പാല്‍ കുടിച്ച സമയത്ത് തൊണ്ടയില്‍ കുടുങ്ങിയാണ് ഷെറിന്‍ മരിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇത്  തള്ളി. പിന്നീട് വെസ്‌ലി മാത്യുസിനേയും സിനിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്. എന്നാല്‍ ഷെറിനെ വീട്ടില്‍ തനിച്ചാക്കി പോയി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നതായിരുന്നു സിനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. 

കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ 20 വര്‍ഷം വരെ തടവ് ലഭിക്കേണ്ട കുറ്റമാണ് സിനിക്കെതിരെ ചുമത്തിയിരുന്നത്. മൂന്ന് വയസുള്ള ഷെറിനെ വീട്ടില്‍ ഒറ്റയ്ക്കാക്കിയ ശേഷം സ്വന്തം കുട്ടിയെയും കൊണ്ട് പുറത്ത് പോയെന്നായിരുന്നു ദമ്പതികളുടെ വാദം. 

കുട്ടിയില്‍ ചില മാനസ്സിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ പ്രതികള്‍ക്ക് കുട്ടിയോട് നീരസമുണ്ടാവുകയും തുടര്‍ന്ന് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.