23 വയസുള്ള പയ്യനെ മോഹന്‍ലാലിനോടും മമ്മൂട്ടിയോടും താരതമ്യം ചെയ്യുന്നതെന്തിന്; അവനു കഴിവുള്ളതുകൊണ്ട് പലര്‍ക്കും പേടി കാണും; ആരു വിലക്കിയാലും ഷൈന്‍ നിഗത്തെ തന്നോടൊപ്പം കൂട്ടുമെന്ന് രാജീവ് രവി

Friday 29 November 2019 4:53 pm IST

 

കൊച്ചി:  യുവനടന്‍ ഷൈന്‍ നിഗത്തിനെ വിലക്കികൊണ്ടുള്ള നിര്‍മാതാക്കളുടെ തീരുമാനത്തെ എതിര്‍ത്ത് സംവിധായകന്‍ രാജീവ് രവി. ഷൈന്‍ ഒരുകലാകാരനാണെന്നും അവന്‍ കലഹിക്കുമെന്നും വിലക്ക് ഏര്‍പ്പെടുത്തുന്ന 50-60 വയസ്സുള്ള ആളുകള്‍ അവരുടെ പഴയ കാലം ആലോചിക്കണമെന്നും രാജീവ് രവി പറഞ്ഞു. രാജീവ് രവിയാണ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഷൈനിനെ അന്നയും റസൂലും എന്ന സിനിമയിലൂടെ സിനിമയിലേക്ക് കൊണ്ടുവന്നത്.

സൈറ്റില്‍ അപമര്യാദയായിട്ടു ഷൈന്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ അത് തെറ്റുതന്നെയാണ്. പക്ഷെ അതിനു വിലക്കേര്‍പ്പെടുത്തുകയല്ല വേണ്ടത്. ഷൈന്‍ പറയുന്നുവെന്ന് ആരോപിക്കുന്ന കാര്യങ്ങള്‍ അവന്റെ വ്യക്തിപരമായ കാര്യങ്ങളാണ് അതിനെ ആര്‍ക്കും തടുക്കാന്‍ കഴിയില്ലെന്നും രാജീവ് ഒരു മാധ്യമത്തോട് പറഞ്ഞു. ഈഗോ കളഞ്ഞ് അവനെ വിളിച്ചിരുത്തി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. അതിനു പകരം എല്ലാവരും കൂടി ഒരു കലാകാരന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത്. നമുക്ക് അഭിമാനിക്കാവുന്ന ഒരു താരമാണ് ഷൈന്‍. തല്ലിക്കെടുത്താതെ കൈപിടിച്ച് കൊണ്ടു വരണം. വളരെ കഴിവുള്ള നടനാണ്. പലര്‍ക്കും അതു കൊണ്ട് പേടിയുണ്ടാകും. എനിക്ക് അവനില്‍ പ്രതീക്ഷയുണ്ട്. അവനെ ആര്‍ക്കും വിലക്കാന്‍ പറ്റില്ല. വിലക്കുന്നവര്‍ തന്നെ അവനെ വച്ച് സിനിമ ചെയ്യും

ഷെയ്‌നിനെതിരെ നിലവിന്‍ ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നതെന്നും സംഘടനകളില്‍ കുറച്ചൂ കൂടി ജനാധിപത്യപരമായി ചിന്തിക്കുന്ന ആളുകളുണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും രാജീവ് രവി അഭിപ്രായപ്പെട്ടു. ഷെയ്‌നിന്റെ പ്രായം പരിഗണിച്ച് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി മുന്നോട്ടുപോകുകയാണ് വേണ്ടത്. അല്ലാതെ മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യപ്പെടുത്തുകയല്ല വേണ്ടതെന്നും രാജീവ് രവി കൂട്ടിച്ചേര്‍ത്തു. സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നില്ലേ. കൃത്യമായി വേതനം കൊടുക്കാതിരിക്കുന്നില്ലേ. ഇങ്ങനെ പലതും നടക്കുന്നുണ്ട്. അതേക്കുറിച്ചൊന്നും അന്വേഷിക്കുന്നില്ലല്ലോ. ഇതൊന്നും ചെയ്യാതെ ഒരു കൊച്ചു പയ്യന്റെ നേരെ ചാടിക്കയറുന്നതില്‍ ഒരു കാര്യവുമില്ല. ഇതിനെ കുറച്ചു കൂടി പക്വമായി കൈകാര്യം ചെയ്യണം. ഷെയ്‌നിന്റെ പ്രായം കണക്കിലെടുക്കണം. അവന്‍ ഒരു കലാകാരനാണെന്നും രാജീവ് ആവര്‍ത്തിക്കുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.