പൗരത്വ ബില്ലിനെ പിന്തുണച്ചതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പ്; രാജ്യസഭയില്‍ അനുകൂലിക്കില്ല, നിലപാട് മാറ്റി ശിവസേന

Tuesday 10 December 2019 4:36 pm IST

മുംബൈ : പൗരത്വ ബില്‍ വിഷയത്തില്‍ ശിവസേന കോണ്‍ഗ്രസ് സഖ്യത്തിലുണ്ടായ വിള്ളല്‍ മറനീക്കി വെളിച്ചത്തിലേക്ക്. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ ശിവസേന പിന്തുണച്ചിരുന്നു. ഇത് കോണ്‍ഗ്രസ്സിനെ ചൊടിപ്പിക്കുകയും രാഹുല്‍ ഗാന്ധി ശിവസേനയ്‌ക്കെതിരെ പരോക്ഷമായി ട്വിറ്ററിലൂടെ വിമര്‍ശിക്കുകയും ചെയ്തതോടെയാണ് വിള്ളല്‍ പുറത്തുവരുന്നത്. 

ഇതോടെ രാജ്യസഭയില്‍ ബില്ലിനെ അനുകൂലിക്കില്ലെന്ന് ഉദ്ധവ് താക്കറെ പരസ്യമായി പ്രതികരിക്കുകയായിരുന്നു. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ മഹാരാഷ്ട്ര ഭരണം നഷ്ടപ്പെടുമോയെന്ന ഭയത്താലാണ് ശിവസേനയുടെ ഈ നിലപാട് മാറ്റം. രാഷ്ട്ര താത്പ്പര്യം മുന്‍ നിര്‍ത്തിയാണ് ബില്ലിനെ അനുകൂലിച്ചതെന്നാണ് വിഷയത്തില്‍ ശിവസേന ആദ്യം പ്രതികരിച്ചത്. 

എന്നാല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പരോക്ഷമായി അപലപിച്ചതോടെ കോണ്‍ഗ്രസ്സിനെ പിണക്കേണ്ടതില്ലെന്ന് ശിവസേന നേതൃത്വം തീരുമാനിക്കുകയും രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്ന് അറിയിക്കുകയുമായിരുന്നു. അതേസമയം ബില്ലിലൂടെ പൗരത്വം നേടുന്നവര്‍ക്ക് 25 വര്‍ഷത്തേയ്ക്ക് വോട്ടവകാശം നല്‍കരുതെന്നും ശിവസേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ ശിവസേന ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാതെ രാജ്യസഭയില്‍ പിന്തുണ നല്‍കില്ലെന്നും ഉദ്ധവ് താക്കറെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. 

ലോക്‌സഭയില്‍ ഞങ്ങള്‍  വോട്ട് ചെയ്തതുപോലെ രാജ്യസഭയില്‍ വോട്ട് ചെയ്യാനിടയില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 

പൗരത്വ ബില്ലിനെ പിന്തുണക്കുന്നവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ലോക്‌സഭയില്‍ പാസായ പൗരത്വ ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുക. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.