ശിവസേനയുടെ മഹാരാഷ്ട്ര മുഖ്യമന്ത്രി മോഹം; എന്‍സിപി, കോണ്‍ഗ്രസ് നേതൃത്വ ചര്‍ച്ച എങ്ങുമെത്തിയില്ല, ഇനിയും സഖ്യകക്ഷികള്‍ തമ്മില്‍ വ്യക്തത വരാനുണ്ടെന്ന് പൃഥ്വിരാജ് ചൗഹാന്‍

Thursday 21 November 2019 10:44 am IST

ന്യൂദല്‍ഹി : മാഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന കോണ്‍ഗ്രസ്- എന്‍സിപി ചര്‍ച്ചകളില്‍ ഇതുവരെ തീരുമാനമായില്ല. സീറ്റ് വിഭജനം സംബന്ധിച്ച് മൂന്ന് നേതൃത്വവും തമ്മില്‍ തീരുമാനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നും വ്യാഴാഴ്ച ചര്‍ച്ച തുടരുമെന്നും കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍ അറിയിക്കുകയായിരുന്നു. 

മുഖ്യമന്ത്രിപദം പങ്കിടണമെന്നാണ് ആദ്യം മുതല്‍ ശിവസേന ഉന്നയിക്കുന്ന ആവശ്യം. എന്‍സിപി ഇത് ആദ്യം എതിര്‍ത്തെങ്കിലും രണ്ടര വര്‍ഷം വീതം പങ്കുവെയ്ക്കണമെന്ന ആവശ്യം തള്ളി ഒരു വര്‍ഷത്തേക്ക് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. കൂടാതെ ആദിത്യ താക്കറെയ്ക്ക് മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടെങ്കിലും ഉദ്ധവ് താക്കറെ മതി എന്നാണ് എന്‍സിപി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഹിന്ദുത്വ നിലപാട് മയപ്പെടുത്തണമെന്ന എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തിന്റെ താക്കീത് അനുസരിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഒരുമിച്ച് ഭരിക്കു്‌നതിനുള്ള ചര്‍ച്ചകള്‍ തന്നെ ആരംഭിച്ചത്. 

ആദ്യ ഊഴത്തില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. ധാരണപ്രകാരം രണ്ടു ഉപമുഖ്യമന്ത്രിമാരില്‍ ഒരാള്‍ കോണ്‍ഗ്രസില്‍ നിന്നാവും. വിരുദ്ധ ധ്രുവങ്ങളിലായിരുന്ന മൂന്ന് രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള ഏകോപനത്തിന് സമിതി രൂപീകരിക്കും. എന്‍സിപി നേതാവ് ശരദ് പവാറിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 

എന്‍സിപി നേതാവ് ശരദ് പവാര്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഭയന്നാണ് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് വീണ്ടും മുന്‍കൈ എടുത്തത്. കൂടാതെ രാജ്യസഭയില്‍ കഴിഞ്ഞ ദിവസം മോദി എന്‍സിപിയെ അഭിനന്ദിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില് ആശങ്ക ഉടലെടുക്കാന്‍ കാരണമായിരുന്നു. ഇതോടെ ശിവസേനയുമായി സഖ്യത്തിന് ആദ്യം വിമുഖത കാട്ടിയിരുന്ന സോണിയാ ഗാന്ധിയും സമ്മതിക്കുകയായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.