'രാമക്ഷേത്രം നിര്‍മ്മിക്കുന്നതല്ല മുഖ്യഅജണ്ട; ബിജെപിയുടെ ഹിന്ദുത്വ ശരിയായ ഹിന്ദുത്വമല്ല'; അധികാരത്തിനായി പ്രത്യയശാസ്ത്രങ്ങള്‍ തള്ളി ഉദ്ധവ് താക്കറെ; പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍
മുംബൈ: ബിജെപി മുന്നോട്ട് വെയ്ക്കുന്ന ഹിന്ദുത്വ എന്നത് ശരിയായ ഹിന്ദുത്വമല്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. രാമക്ഷേത്രം നിര്‍മ്മിക്കുന്നതല്ല മുഖ്യ അജണ്ടയെന്നും അദേഹം വ്യക്തമാക്കി. അധികാരത്തിനായി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങളെ തള്ളിപ്പറഞ്ഞത് അണികളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ. കഴിഞ്ഞദിവസം എന്‍സിപിയുമായും കോണ്‍ഗ്രസുമായും ഔദ്യോഗികമായി സംസാരിച്ചെന്നും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പിന്തുണ തേടിയെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ പൊതുമിനിമം പരിപാടിയെക്കുറിച്ച് വ്യക്തത വേണം. 48 മണിക്കൂര്‍ സമയം ചോദിച്ച തങ്ങള്‍ക്ക് ഗവര്‍ണര്‍ ഇപ്പോള്‍ ആറ് മാസം തന്നിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
അതേസമയം, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര ഗവര്‍ണ്ണറുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനത്തില്‍ ഒപ്പുവച്ചത്. ആറു മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. ഇതിനിടെ, ബിജെപി, ശിവസേന, എന്‍സിപി എന്നിവയിലാര്‍ക്കെങ്കിലും ഭൂരിപക്ഷം തെളിയിക്കാനായാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തുടര്‍നടപടികളിലേക്കു കടക്കാം.
ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷ്യാരിയാണ് ഭരണഘടനയുടെ 356-ാം അനുച്ഛേദം പ്രകാരം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. മൂന്ന് പ്രധാനകക്ഷികള്‍ക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാര്‍ രൂപീകരണം ഇപ്പോഴുള്ള സാഹചര്യത്തില്‍ സാധ്യമല്ലെന്ന് ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകിട്ട് ഏട്ടര വരെ എന്‍സിപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സമയം ബാക്കിനില്‍ക്കെയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഭരണഘടന പ്രകാരം സര്‍ക്കാര്‍ രൂപീകരണം നടക്കില്ലെന്ന് ബോധ്യപ്പെട്ടെന്നാണ് ഗവര്‍ണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.