ശോഭന വീണ്ടും മലയാളത്തിലേക്ക്; തൊണ്ണൂറുകളിലെ ഹിറ്റ് ജോഡിയെ ഒന്നിപ്പിക്കുന്നത് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍

Thursday 3 October 2019 12:45 pm IST

 

തൊണ്ണൂറുകളിലെ ഹിറ്റ് ജോഡികളെ വീണ്ടും ഒന്നിപ്പിക്കാനൊരുങ്ങി അനൂപ് സത്യന്‍. ഇതിലൂടെ ആറു വര്‍ഷം നീണ്ട ഇടവേളയ്ക്കുശേഷം ശോഭന വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന സിനിമയിലൂടെയാണ് ശോഭന തിരിച്ചെത്തുന്നത്. 

2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര സിനിമയാണ് ശോഭനയുടെ അവസാന മലയാള ചിത്രം. തൊണ്ണൂറുകളിലെ ഹിറ്റ് ജോഡിയായ സുരേഷ് ഗോപിയും ശോഭനയും 14 വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മണിച്ചിത്രത്താഴ്, സിന്ദൂരരേഖ, ഇന്നലെ, കമ്മീഷണര്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്.  പ്രിയദര്‍ശന്റെ മകള്‍ കല്യാണിയുടെ അമ്മയുടെ വേഷമാകും ശോഭനയ്ക്ക് പുതിയ ചിത്രത്തില്‍. ദുല്‍ഖറും നസ്‌റിയയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. അനൂപ് സത്യന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ഈ മാസത്തിന്റെ അദ്യ പകുതിയില്‍ തന്നെ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.