ലൗ ജിഹാദ്: സിഐഡി അന്വേഷിക്കണമെന്ന് ശോഭ കരന്തലജെ, കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിരവധി പെണ്‍കുട്ടികൾ ലൗജിഹാദിന്റെ ഇരകൾ

Tuesday 14 January 2020 12:46 pm IST
"ലൗ ജിഹാദ് കേസ് സിഐഡി അന്വേഷിക്കണമന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം ശോഭ കരന്തലജെ എംപി ഡിജിപി നീലമണി രാജുവിന് കൈമാറുന്നു"

കാസര്‍കോട്: കാസര്‍കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ച ശേഷം നിര്‍ബന്ധിത മതപരിപര്‍ത്തനത്തിന് ശ്രമിച്ച കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) അന്വേഷിക്കണമെന്ന് ശോഭാകരന്തലജെ എംപി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം കര്‍ണാടക സംസ്ഥാന ഡിജിപി നീലമണി രാജു, സിഐഡി ഡിജിപി പ്രവീണ്‍ സൂദ് എന്നിവര്‍ക്ക് നല്‍കി. 

കാസര്‍കോട് സ്വദേശിനിയായ 18 കാരിയായ പെണ്‍കുട്ടിയെയാണ് പാലക്കാട് ചേര്‍പ്പുളശ്ശേരി സ്വദേശി റിഷാബ് ടി.കെ (24) പ്രണയം നടിച്ച് വശത്താക്കി ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം മതംമാറാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പീഡനത്തിനെതിരെ പെണ്‍കുട്ടി കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വൈകിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ശോഭാകരന്തലജെയെ സമീപിച്ച് വിവരങ്ങള്‍ ബോധിപ്പിച്ചു. 

ശോഭാകരന്തലജെ പെണ്‍കുട്ടിയെയും കൂട്ടി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ കണ്ട ശേഷം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതോടെ കാസര്‍കോട് പോലീസ് പീഡനത്തിനും ബംഗളൂരു പരപ്പന അഗ്രഹാര പോലീസ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും കേസെടുത്തു. തുടര്‍ന്ന് കേസിലെ പ്രധാനപ്രതി റിഷാബിനെ കാസര്‍കോട് പോലീസും ബംഗളൂരു സ്വദേശി അന്‍സര്‍ (30), ഇയാളുടെ ഭാര്യ എന്നിവരെ ബംഗളൂരു പോലീസും അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇനി രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. 

കാസര്‍കോട് കേന്ദ്രീകരിച്ചുള്ള ലൗജിഹാദിന്റെ ഇരയാണ് പെണ്‍കുട്ടിയെന്ന് ശോഭാ കരന്തലജെ ആരോപിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിരവധി പെണ്‍കുട്ടികളാണ് ലൗജിഹാദിന്റെ ഇരകളാകുന്നത്. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ കേസ് സിഐഡിക്ക് കൈമാറണമെന്നാണ് ശോഭാ കരന്തലജെ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.