ഡിജിപിയുടെ വാക്കിന് പുല്ലുവില നല്‍കി കൊച്ചി സിറ്റി അഡീഷണല്‍ കമ്മീഷണര്‍; സിപിഐയുടെ മാര്‍ച്ച് തടഞ്ഞ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

Sunday 18 August 2019 7:04 pm IST

കൊച്ചി:  സിപിഐയുടെ നേതൃത്വത്തില്‍ ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് തടഞ്ഞ സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. എംഎല്‍എയായ എല്‍ദോ എബ്രഹാമിനെ തിരിച്ചറിയുന്ന കാര്യത്തിലും എസ്‌ഐക്ക് വീഴ്ച സംഭവിച്ചുവെന്നും കണ്ടെത്തി. കൊച്ചി സിറ്റി അഡീഷണല്‍ കമ്മീഷണര്‍ കെ പി ഫിലിപ്പാണ് നടപടി എടുത്തിരിക്കുന്നത്. 

സിപിഐ മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് പോലീസിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലാത്തിച്ചാര്‍ജ് സംബന്ധിച്ച് കളക്ടര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസിന്റെ നടപടിയില്‍ വീഴ്ചയില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നു. ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു ഡിജിപി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇത് തള്ളിയാണ് ഇപ്പോള്‍ കൊച്ചി സിറ്റി അഡീഷണല്‍ കമ്മീഷണര്‍ നടപടി എടുത്തിരിക്കുന്നത്. 

കഴിഞ്ഞ മാസമാണ് സിപിഐ ഐജി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. എഐഎസ്എഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.