മരണം വരെ മകന്‍ മരിച്ച ദുരന്തം അറിഞ്ഞില്ല; ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ ഉടമ സിദ്ധാര്‍ഥ ഹെഗ്‌ഡെയുടെ പിതാവും വിടവാങ്ങി

Sunday 25 August 2019 4:45 pm IST

ചിക്കമംഗളൂരു: ലോക പ്രശ്‌സത കോഫി ബ്രാന്‍ഡായ  കഫേ കോഫി ഡേയുടെ ഉടമ, ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥ ഹെഗ്‌ഡെയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ (96) അന്തരിച്ചു. സിദ്ധാര്‍ഥ മരിക്കും മുന്‍പു തന്നെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മംഗളൂരുവില്‍ നേത്രാവതി പാലത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യും മുന്‍പ് സിദ്ധാര്‍ഥ തന്റെ പിതാവിനെ കണ്ടു മടങ്ങിയതാണ്. എന്നാല്‍, അന്ത്യം വരെ തന്റെ മകന്റെ മരണം ബന്ധുക്കല്‍ ഗംഗയ്യ ഹെഗ്‌ഡെയെ അറിയിച്ചിരുന്നില്ല. വന്‍ കോഫിതോട്ടത്തിന്റെ ഉടമയായിരുന്നു ഗംഗയ്യ. പിതാവില്‍ നിന്നാണ് സിദ്ധാര്‍ഥ പിന്നീട് കോഫി കഫേ ഡേ പടുത്തുയര്‍ത്തിയത്. 

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളുടെ ഭര്‍ത്താവ് കൂടിയായ സിദ്ധാര്‍ഥയെ ജൂലൈ 31 വൈകീട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനുസമീപത്താണ് കാണാതായത്. നീണ്ട 34 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പാലത്തിന് സമീപമുള്ള ഹൊയ്‌കെ ബസാറില്‍ നിന്ന് ഇന്ന് പുലര്‍ച്ച ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നേത്രാവദി നദി കടലിനോട് ചേരുന്ന ഹോയ്‌കെ ബസാറില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയും മൃതദേഹം കരയ്‌ക്കെത്തിക്കുകയുമായിരുന്നു.

 

നാവികസേനയുടെയും തീരരക്ഷാസേനയുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയിരുന്നത്. 31ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സിദ്ധാര്‍ഥ സ്വന്തം കാറില്‍ ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്. ഒപ്പം ഡ്രൈവര്‍ ബസവരാജും ഉണ്ടായിരുന്നു. ഹാസനിലെ സകലേഷ്പുരയില്‍നിന്ന് കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെന്നാണ് ബസവരാജ് പറഞ്ഞത്. വൈകിട്ട് ഏഴോടെ മംഗളൂരുവിലെത്തി. നഗരത്തില്‍ കയറാതെ നേത്രാവതി പാലത്തിനരികിലേക്ക് വണ്ടിവിടാന്‍ സിദ്ധാര്‍ഥ നിര്‍ദേശിച്ചു. ഇതിനിടെ സിദ്ധാര്‍ഥയ്ക്ക് ഫോണ്‍വന്നു. വണ്ടി നേത്രാവതിപാലത്തിനരികെ നിര്‍ത്താനും പാലത്തിന്റെ മറുവശത്ത് കാത്തുനില്‍ക്കാനും പറഞ്ഞു. 

പാലത്തിനപ്പുറത്തേക്ക് നടന്നുവന്ന സിദ്ധാര്‍ഥ, ഒന്നുകൂടി നടന്നുവരാമെന്ന് പറഞ്ഞു. എന്നാല്‍, അരമണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. ഫോണ്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചെന്നും ബസവരാജ് മൊഴിനല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.