'സിന്ധൂ'രത്തിലകം കേരളത്തിന്റെ ഗോകുലം

Monday 26 August 2019 3:00 am IST

 

ബാഡ്മിന്റണ്‍ ചരിത്രത്തിലെ ഇന്ത്യയുടെ സിന്ധൂരത്തിലകമായി പി.വി. സിന്ധു. ഇന്നലെ ബേസലില്‍ അവസാനിച്ച ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് സിന്ധു ചരിത്രം തിരുത്തിയത്. ഏകപക്ഷീയമായ ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ ജപ്പാന്റെ നൊസോമ ഒക്കുഹാരയെ തകര്‍ത്തായിരുന്നു സിന്ധുവിന്റെ കിരീടധാരണം. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം മെഡലാണ് സിന്ധു ഇന്നലെ സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇത്രയും മെഡല്‍ നേടിയ മറ്റൊരു ഇന്ത്യന്‍ താരവും ഇല്ല.

കഴിഞ്ഞ രണ്ട് വര്‍ഷവും ഫൈനലില്‍ കാലിടറിയ സിന്ധു ഇത്തവണ അതിനെല്ലാം കണക്കുതീര്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അവസാന ഘട്ടത്തില്‍ കാലിടറുന്ന ശീലം കുറച്ചൊന്നുമല്ല സിന്ധുവിനെ കുഴപ്പിച്ചത്. സമ്മര്‍ദം താങ്ങാനാവാതെ വരുത്തുന്ന ഒഴിവാക്കാവുന്ന പിഴവുകള്‍ വലിയ നഷ്ടങ്ങളിലേക്ക് സിന്ധുവിനെ പലപ്പോഴും കൂപ്പുകുത്തിച്ചിരുന്നു.

 തുടര്‍ച്ചയായ മൂന്നാം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനിറങ്ങിയ സിന്ധു സന്തോഷത്തിമിര്‍പ്പിലാണ്.  സ്വന്തം അമ്മയ്ക്കുള്ള പിറന്നാള്‍ സമ്മാനവുമായി സിന്ധുവിന്റെ കിരീടനേട്ടം. ഫൈനലിന്റെ സമ്മര്‍ദം ഇന്നലെ ഒരിക്കലും സിന്ധുവിനെ അലട്ടിയില്ല. എതിര്‍ താരത്തിന്റെ പിഴവുകള്‍ മുതലെടുക്കുന്നതിലായിരുന്നു സിന്ധുവിന്റെ ശ്രദ്ധ. അതില്‍ സിന്ധു അനായാസം വിജയിച്ചു. ഇനി അഭിനന്ദനങ്ങളുടെ സമയമാണ്. ഇന്ത്യയെ ലോകവേദിയില്‍ ഉയര്‍ത്തിക്കാട്ടിയ സിന്ധു വലിയ രീതിയില്‍ തന്നെ അഭിനന്ദനം അര്‍ഹിക്കുന്നു.  

മറ്റൊരു സന്തോഷം ഫുട്‌ബോള്‍ മൈതാനത്തുനിന്ന്, കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ് ഗോകുലം എഫ്‌സിയുടെ ഡ്യുറന്‍ഡ് കപ്പ് കിരീടധാരണം. ശനിയാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍ കരുത്തരായ മോഹന്‍ബഗാനെ തകര്‍ത്ത് ഗോകുലം കിരീടം നേടി. ക്ലബ് രൂപീകരിച്ച് മൂന്നുവര്‍ഷം പിന്നിടുന്ന വേളയിലാണ് ഗോകുലത്തിന്റെ ഈ ചരിത്ര നേട്ടം. ഏഷ്യയിലെ ഏറ്റവും പഴയ ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന കേരളത്തിലെ രണ്ടാം ക്ലബ്ബെന്ന ബഹുമതിയാണ് ഗോകുലം നേടിയത്. ഇത് പൊരുതി നേടിയ കിരീടമാണ്. ആര്‍ക്കു മുമ്പിലും അടിയറവുപറയാന്‍ തയാറല്ലാത്ത ഒരുകൂട്ടം താരങ്ങള്‍, ട്രിനിഡാഡ് താരം മാര്‍ക്കസ് ജോസഫിന്റെ നേതൃത്വത്തില്‍ കേരളത്തിനായി ഒന്നിച്ചപ്പോള്‍ പിടിച്ചെടുത്ത കിരീടം. 1997-ല്‍ ഐ.എം. വിജയന്റെ നേതൃത്വത്തിലുള്ള എഫ്‌സി കൊച്ചിനാണ് ഡ്യുറന്‍ഡ് കപ്പ് ഇതിന് മുന്‍പ് സ്വന്തമാക്കിയത്. 

ഗോകുലത്തിനായി അല്ലെങ്കില്‍ കേരളത്തിനായി വിയര്‍പ്പൊഴുക്കിയ മിടുക്കന്മാര്‍ ഇന്ന് മലയാളനാട്ടിലെ ഹീറോകളാണ്. മാര്‍ക്കസ് ജോസഫ് സൂപ്പര്‍ നായകനും. ഒതുങ്ങുകയല്ല കുതിക്കുകയാണ് വേണ്ടതെന്ന് പഠിപ്പിച്ച സ്പാനിഷ് പരിശീലകന്‍ സാന്റിയാഗോ വലേരയ്ക്കും ഗോകുലത്തിന്റെ കുതിപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബായ ലിവര്‍പ്പൂളിന് ക്ലോപ്പ് എങ്ങനെയാണോ അതുപോലെയാണ് വലേര ഗോകുലത്തിന്. ഇഷ്ടപ്പെട്ടാല്‍ ആരെയും സ്വന്തം നാട്ടുകാരനാക്കാനുള്ള മലയാളിയുടെ മനസ്സ് വലേരയെയും നോട്ടമിട്ടുകഴിഞ്ഞു. മോഹന്‍ബഗാന്‍ കരുത്തുറ്റ ടീമാണ്, പതിനാറു തവണ കരീടത്തില്‍ മുത്തമിട്ട ചരിത്രം അവര്‍ക്ക് പറയാനുമുണ്ട്. എങ്കിലും ആ കരുത്തിനു മുന്നില്‍ പതറാതെ കളിച്ചാണ് ഗോകുലം  ചാമ്പ്യന്മാരായത്. പിന്നീട് നായകന്റെ കളി പുറത്തെടുത്ത മാര്‍ക്കസ് കളത്തില്‍ ഗോകുലത്തെ എടുത്തുയര്‍ത്തുകയും ചെയ്തതോടെ കളി പൂര്‍ണം. ഇനി ഐ ലീഗ് കിരീടത്തിനായി ഗോകുലത്തിന് കച്ചമുറുക്കാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.