അഭയാക്കേസില്‍ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്തിയവരെ വിസ്തരിക്കേണ്ടെന്ന് ഹൈക്കോടതി; 2007ലെ സിജെഎം കോടതി ഉത്തരവ് റദ്ദാക്കി

Thursday 12 December 2019 2:37 pm IST

കൊച്ചി : അഭയാക്കേസില്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഡോക്ടര്‍മാരെ വിസ്തരിക്കണമെന്ന തിരുവനന്തപുരം സിജെഎം കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

2007ല്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ എന്‍.ക്യഷ്ണവേണി, പ്രവീണ്‍ പര്‍വതപ്പ എന്നിവരെ വിസ്തരിക്കാന്‍ സിജെഎം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്തുകൊണ്ട് പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നതു നിയമപരമല്ലെന്നും നാര്‍ക്കോപരിശോധന ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്ന് പ്രതികളുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിസ്തരിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. 

അനുമതിയോടെ ചെയ്താല്‍ പോലും നാര്‍ക്കോ അനാലിസിസിലെ വെളിപ്പെടുത്തലുകള്‍ ബോധപൂര്‍വമല്ലാത്തതിനാല്‍ തെളിവായി ഉപയാഗിക്കരുത്. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ കണ്ടെത്തുന്ന വിവരങ്ങളോ വസ്തുതയോ മാത്രമേ സ്വീകരിക്കാനാകൂ എന്ന് സുപ്രീംകോടതി ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഹര്‍ജി നല്‍കിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.