'കര്‍ത്താവിന്റെ നാമത്തില്‍' വിതരണം ചെയ്യാം; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

Wednesday 4 December 2019 7:21 pm IST

 

കൊച്ചി:  സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകത്തിന്റെ വിതരണവും അച്ചടിയും തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. സിസ്റ്റര്‍ ലൂസി, ഡി സി ബുക്‌സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരായിരുന്നു ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. പുസ്തകത്തെ തടയാനാകില്ലെന്നും പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ മതിയെന്നും കോടതി പറഞ്ഞു. എസ്എംഐ സന്യാസിനി സഭാംഗമായ സി ലിസിയ ജോസഫായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പുസ്തകത്തിലെ ഉള്ളടക്കം വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അപമാനകരമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി വെളിപ്പെടുത്തി. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സിസ്റ്റര്‍ ലൂസി ആത്മകഥയില്‍ പറയുന്നു. കന്യാസ്ത്രി മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര തുറന്നുപറഞ്ഞത്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.