സിസ്റ്റ‌ർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടു, പോലീസെത്തി മോചിപ്പിച്ചു

Monday 19 August 2019 10:17 am IST

വയനാട്:  സിസ്റ്റ‌ർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടു. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. വെള്ളമുണ്ട പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് പരാതി പറഞ്ഞതിനെതുടർന്ന് പോലീസെത്തി ലൂസിയെ തുറന്ന് വിടുകയായിരുന്നു. 

അന്യാ‍യമായി സിസ്റ്റർ ലൂസിയെ പൂട്ടിയിട്ടതിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായതെന്നും തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്നും സിസ്റ്റർ ലൂസി കളപ്പുരക്കൽ വ്യക്തമാക്കി. രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസ്  മദര്‍ സുപ്പീരിയറിനെ പള്ളിയില്‍ പോയി കൂട്ടി വന്ന് വാതില്‍ തുറക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് സിസ്റ്റർ ലൂസിയെ മഠത്തിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പെത്തിയത്. മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍സിസി) കത്തയയ്ക്കുകയും ചെയ്തിരുന്നു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും ഈ കത്തില്‍ വ്യക്തമാക്കിയിരുന്നു. 

ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസിൽ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നൽകിയ വ്യക്തിയാണ് സിസ്റ്റർ ലൂസി കളപ്പുര. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ  വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറയുന്നു. 

എന്നാൽ മഠം വിട്ടു പോകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിസ്റ്റര്‍ ലൂസി. തനിക്ക് മറ്റ് എവിടെയും പോകാനില്ല. മാറാന്‍ പറയുന്നവര്‍ എവിടേക്കാണ് പോകേണ്ടതെന്ന് കൂടി പറഞ്ഞു തരണമെന്നും അവർ ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.