മതവികാരം ആളിക്കത്തിക്കാന്‍ സിപിഎം; ഭരണഘടനാ സംരക്ഷണ സമ്മേളനത്തിന്റെ മറവില്‍ മുസ്ലിം ഐക്യ സമ്മേളനം

Friday 15 November 2019 11:21 am IST

കോഴിക്കോട്: 370 -ാം വകുപ്പ് റദ്ദാക്കിയത്, അയോധ്യാ വിധി എന്നിവയുടെ പേരില്‍ മുസ്ലിം വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ സിപിഎമ്മും പ്രത്യക്ഷ നടപടികളിലേക്ക്. കോഴിക്കോട്ട് ഭരണഘടനാ സംരക്ഷണ സമ്മേളനമെന്ന പേരില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 

തീവ്ര മുസ്ലിം വികാരം ആളിക്കത്തിക്കുന്ന തരത്തിലായിരുന്നു നേതാക്കളുടെ പ്രസംഗം. മുസ്ലിം ലീഗ്, എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി എന്നീ സംഘടനകളുടെ പിന്നാലെ സിപിഎമ്മും മുസ്ലിം വികാരം ആളിക്കത്തിക്കാന്‍ രംഗത്തിറങ്ങി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ പരിപാടി നടന്നതിന്റെ തുടര്‍ച്ചയായാണ് സിപിഎമ്മും വര്‍ഗീയ പ്രീണന സമ്മേളനം നടത്തിയത്. 

ഇന്ത്യ എന്ന തത്വം തന്നെ വെല്ലുവിളിക്കപ്പെടുകയാണെന്നും സുപ്രീം കോടതി വിധിയില്‍ എന്ത് നീതിയാണ് അടങ്ങിയിരിക്കുന്നതെന്നുമായിരുന്നു യെച്ചൂരിയുടെ പ്രസംഗം. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയാണെന്നും ഭരണഘടന തകര്‍ത്ത് ഹിന്ദു രാഷ്ട്രം ലക്ഷ്യം വച്ചാണ് ബിജെപി നീങ്ങുന്നതെന്നുമായിരുന്നു യെച്ചൂരിയുടെ ആരോപണം. അയോധ്യ വിധിയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് 16, 17 തീയതികളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം സമൂഹത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണെന്നും ഒരു മത വിഭാഗത്തെ ലക്ഷ്യമിട്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ യെച്ചൂരിയുടെ വാക്കുകള്‍.  

മുജാഹിദ് ഔദ്യോഗിക വിഭാഗം സമ്മേളനത്തിന് എത്തിയില്ലെങ്കിലും മര്‍ക്കസ് ദഅവ വിഭാഗം, സുന്നികളുടെ ഇരു വിഭാഗം, കേരള മുസ്ലീം ജമാ അത്ത്, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ തുടങ്ങിയ സംഘടനകളെ പ്രതിനിധാനം ചെയ്ത് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഉമ്മര്‍ ഫൈസി മുക്കം (സമസ്ത കേരള ജംയ്യത്തുല്‍ ഉലമ), സി. മുഹമ്മദ് ഫൈസി (ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, മര്‍ക്കസ് മാനേജര്‍), കെ.പി. ഉമ്മര്‍ സുല്ലമി (കെഎന്‍എം ജനറല്‍ സെക്രട്ടറി), ഡോ.ഐ.പി. അബ്ദുള്‍ സലാം (കെഎന്‍എം സെക്രട്ടറി), അലി അബ്ദുള്ള (കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറി), മുസ്തഫ മുണ്ടുപാറ (സുന്നി ഇകെ വിഭാഗം), ഡോ. ഫസല്‍ ഗഫൂര്‍ (എംഇഎസ്), കോണ്‍ഗ്രസ് നേതാവായ പി. രാമഭദ്രന്‍, ഹുസൈന്‍ രണ്ടത്താണി, ഫാദര്‍ മാത്യൂസ് വാഴക്കുന്നം തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. 

സിപിഎം സഹയാത്രികരായ മുസ്ലിം ബുദ്ധിജീവികള്‍ക്ക് വേദിയില്‍ ഇടം ലഭിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.