പൗരത്വ നിയമം മഹാരാഷ്ട്രയില്‍ നടപ്പിലാക്കും; കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി ഉദ്ധവ് താക്കറെ; രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് ശിവസേന

Sunday 15 December 2019 10:08 pm IST

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമം മഹാരാഷ്ട്രയില്‍ നടപ്പിലാക്കുമെന്ന് ശിവസേന. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ആവശ്യം  മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് തള്ളിയത്. പൗരത്വ നിയമം എല്ലായിടത്തെ പോലെ  മഹാരാഷ്ട്രയിലും നടപ്പാക്കുമെന്ന് ശിവസേന വ്യക്തമാക്കി. ശിവസേനയുടെ നിലപാടിനെതിരെ കോണ്‍ഗ്രസും എന്‍സിപിയും രംഗത്ത് വന്നിട്ടുണ്ട്. 

 സവര്‍ക്കറെ രാഹുല്‍ ഗാന്ധി അപമാനിച്ചതോടെയാണ് ശിവസേന നിലപാട് കടുപ്പിക്കുന്നത്. ഹിന്ദുത്വ പ്രത്യയശ്സ്ത്ര വിശ്വാസങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും വീര സവര്‍ക്കര്‍ രാജ്യത്തിന്റെ ദൈവമാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്നലെ പറഞ്ഞിരുന്നു.  റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് വീര സവര്‍ക്കറെന്നല്ലെന്നുമായിരുന്നു രഹുലിന്റെ പ്രസ്താവന. സവര്‍ക്കറെ അപമാനിക്കരുത്. മഹാരാഷ്ട്ര മാത്രമല്ല, രാജ്യം മുഴുവന്‍ ദൈവതുല്യനായി കരുതുന്ന ആളാണ് അദ്ദേഹം. ഗാന്ധിയേയും നെഹ്റുവിനേയും പോലെ സവര്‍ക്കറേയും ബഹുമാനിക്കണമെന്ന് സഞ്ജയ് റാവത്ത് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. നെഹ്റുവിനേയും ഗാന്ധിയേയും പോലെ രാജ്യത്തിനായി അദ്ദേഹവും ജീവന്‍ ത്യാഗം ചെയ്തു. അത്തരത്തിലുള്ള എല്ലാവരും ആദരിക്കപ്പെടുന്നു. അതിലൊന്നും വീട്ടുവീഴ്ചയില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മഹാരാഷ്ട്രയില്‍ അനധികൃതമായി കുടിയേറി താമസിച്ച ഏഴ് ബംഗ്ലാദേശികളെ എടിഎസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. പല്‍ഗാര്‍ ജില്ലയിലെ വിരാര്‍ പട്ടണത്തിലാണ് ഇവര്‍ വ്യക്തമായ തിരിച്ചറിയല്‍ രേഖകളില്ലാതെ താമസിച്ചിരുന്നത്. വിരാറിലെ തിരുപ്പതി നഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയില്‍ നിന്ന് ഏഴ് ബംഗ്ലാദേശികളെ പല്‍ഗാര്‍ പോലീസിന്റെ ഭീകര വിരുദ്ധ സംഘം പിടികൂടിയത്. രാജ്യത്ത് താമസിക്കാന്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇവരെ പോലീസ് സംഘം അറസ്റ്റു ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്റ്റ്, വിദേശി ആക്റ്റ് എന്നീ വകുപ്പുകള്‍ പ്രകാരം അര്‍നാല പോലീസ് കേസെടുത്തു. ദേശീയ പൗരത്വ ഭേദഗതി നടപ്പിലാക്കിയതിനു പിന്നാലെയാണ് ഇവരെ അറസ്റ്റു ചെയ്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.