പോലീസ് റാങ്ക് പട്ടികയിലേക്ക് ശിവരഞ്ജിത് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവെച്ചത് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറും, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും; സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കും

Tuesday 16 July 2019 10:33 am IST

തിരുവനന്തപുരം : പോലീസ് റാങ്ക് പട്ടികയിലേക്ക് പിഎസ്‌സി പരിഗണിക്കുന്നതായി ശിവരഞ്ജിത് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടിട്ടുള്ളത് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറും, മറ്റേതില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും. രണ്ടും കേരള സര്‍വകലാശാലയുടേതാണ്. അതേസമയം സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയില്‍ സംബന്ധിച്ചും അന്വേഷണ സംഘം പരിശോധിക്കും. 

അമ്പെയ്ത്തില്‍ കേരള സര്‍വകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തില്‍ പങ്കെടുത്തുവെന്നാണ് ശിവരഞ്ജിത്തിന്റെ ആദ്യസര്‍ട്ടിഫിക്കറ്റിലുള്ളത്. 2017 ഡിസംബര്‍ 26 മുതല്‍ 30 വരെ ഒഡിഷയിലെ ഭുവനേശ്വറിലാണ് മത്സരം നടന്നതെന്ന് പറയപ്പെടുന്ന ഈ സര്‍ട്ടിഫിക്കറ്റില്‍ വൈസ് ചാന്‍സലറാണ് ഒപ്പിട്ടത്. സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഇത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ മെഡലൊന്നും നേടാത്തതിനാല്‍ ഇത് പിഎസ്‌സി സ്വീകരിച്ചില്ല.

അതുകൊണ്ട് രണ്ടാമത്തേതായ ഹാന്‍ഡ്ബോളിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കുകയായിരുന്നു. അതില്‍ സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ ഒപ്പും സീലുമാണുള്ളത്. 2014 സെപ്റ്റംബര്‍ 23-നും 24-നും തിരുവനന്തപുരം കാര്യവട്ടം എല്‍എന്‍സിപിഇയില്‍നടന്ന ഇന്റര്‍ കൊളീജിയറ്റ് ഇന്റര്‍സോണ്‍ ഹാന്‍ഡ്ബോള്‍ ടൂര്‍ണമെന്റില്‍ യൂണിവേഴ്സിറ്റി കോളേജിനെ പ്രതിനിധാനംചെയ്ത് ഒന്നാംസ്ഥാനം നേടിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ അസിസ്റ്റന്റ് സെക്രട്ടറിയാണ് ഇത് സാക്ഷ്യപ്പെടുത്തിയത്.

ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്കായി 13.58 അനുവദിച്ചത്. ഗ്രേസ് മാര്‍ക്ക് ലഭിച്ചില്ലെങ്കിലും ശിവരഞ്ജിത്ത് തന്നെയായിരിക്കും റാങ്ക് പട്ടികയില്‍ മുന്നിലെത്തുക. ഒഎംആര്‍ എഴുത്തുപരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായ 78.33 മാര്‍ക്ക് ശിവരഞ്ജിത്തിനാണ്. എന്നാല്‍ സര്‍വ്വകലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും മറ്റും ഇയാളുടെ വീട്ടില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.