30 വര്‍ഷത്തിനിടെ ആദ്യമായി പ്രതിഷേധങ്ങളൊന്നുമില്ലാതെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സ്വാഗതമോതി ജമ്മു കശ്മീര്‍

Thursday 27 June 2019 10:48 am IST

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അതീവ സുരക്ഷാ മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ആദ്യമായാണ് പ്രതിഷേധങ്ങളോ, ഹര്‍ത്താലോ, ആക്രമണങ്ങളോ ഇല്ലാതെ കശ്മീര്‍ സ്വാഗതമോതിയത്. 

കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ മാറി മാറി വന്ന കേന്ദ്ര ആഭ്യന്തരമന്ത്രിമാരെ കശ്മീര്‍ സ്വീകരിച്ചതൊക്കെയും ഹര്‍ത്താല്‍ നടത്തിയും, സമരങ്ങള്‍ നടത്തിയുമൊക്കെയാണ്. എന്നാല്‍, അമിത് ഷായുടെ വരവറിഞ്ഞെങ്കിലും സമരം നടത്താനോ, ആക്രമണങ്ങള്‍ അഴിച്ചു വിടാനോ വിഘടനവാദികള്‍ ആഹ്വാനം ചെയ്തില്ലായെന്നത് ശ്രദ്ധേയം.

കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം അമിത്ഷായുടെ ആദ്യ ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്. സംസ്ഥാന വികസനം, സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ജമ്മു കശ്മീര്‍ ഉന്നത വൃത്തങ്ങളുമായി അമിത് ഷാ സന്ദര്‍ശനവേളയില്‍ ചര്‍ച്ച നടത്തി.

അതേസമയം ഭീകരരോടും കലാപക്കാരോടുമുള്ള സമീപനത്തില്‍ അയവവ് വരുത്തരുതെന്നു അമിത് ഷാ മുന്നറിയിപ്പ് നല്‍കി. കൂടാതെ അതീവ സുരക്ഷാ കേന്ദ്രങ്ങളിലും മറ്റുമുള്ള നുഴഞ്ഞുകയറ്റം ചെറുക്കുന്നതിന് സുരക്ഷാ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ നായിക്കുമായും സന്ദര്‍ശനവേളയില്‍ അമിത്ഷാ കൂടിക്കാഴ്ച നടത്തും. സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുമായും അമര്‍നാഥ് ക്ഷേത്രത്തിനു സമീപത്തായുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായും വെള്ളിയാഴ്ച അമിത്ഷാ കൂടിക്കാഴ്ച നടത്തും. വരാനിരിക്കുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര അടക്കമുള്ളതിന് സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച നടത്തും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.