ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയ പ്രതാപനേയും ഡീന്‍ കുര്യാക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യും; നിര്‍ണായക നീക്കവുമായി ബിജെപി

Friday 6 December 2019 11:27 pm IST

 

 ന്യൂദല്‍ഹി: ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യും. ഇതിനുള്ള പ്രമേയം അടുത്ത സഭ സമ്മേളിക്കുന്ന തിങ്കളാഴ്ച അവതരിപ്പിക്കും. ഈ സഭാ സമ്മേളനത്തില്‍് രണ്ടാം  തവണയാണ് ലോക്‌സഭയില്‍ കേരള എംപിമാര്‍ നടുത്തളത്തില്‍ അഴിഞ്ഞാടിയത്. സസ്‌പെന്‍ഡ് നടപടിയിയുടെ ഭാഗമായി ബിജെപിയും എംപിമാര്‍ക്ക് വിപ്പു നല്‍കി. ബിജെപി നിര്‍ണായക നീക്കം നടത്തിയതോടെ തിങ്കളാഴ്ച സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.  

ഉന്നാവോ, ഹൈദരാബാദ് വിഷയത്തെ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് സ്മൃതി ഇറാനിക്കെതിരേ ആക്രോശവുമായി  ടി.എന്‍. പ്രതാപനും ഡീന്‍ കുര്യാക്കോസും നടുത്തളത്തില്‍ ഇറങ്ങിയത്.  ഉന്നാവ്,ഹൈദരാബാദ് വിഷയങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോക്സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ആഭ്യന്തര മന്ത്രി സഭയിലില്ലായെന്നും പകരം മന്ത്രി സമൃതി ഇറാനിയോ താനോ മറുപടി നല്‍കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകര്‍ സഭയില്‍ വ്യക്തമാക്കായിരുന്നു.  

തുടര്‍ന്ന് സ്മൃതി ഇറാനി മറുപടി നല്‍കാന്‍ എഴുന്നേറ്റപ്പോള്‍ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതിനിടെയാണു ടി.എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും മന്ത്രിക്കെതിരേ ആക്രോശവും ഭീഷണിയുമായി സഭയുടെ നടുത്തളത്തിലിറങ്ങിയത്. ഭീഷണി വേണ്ടെന്നും സ്ത്രീ ആയതു കൊണ്ടാണോ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്ന് സ്മൃതി ചോദിച്ചു. പിന്നാലെ എംപിമാര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാരും രംഗത്ത് വന്നു. സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തുകയാണ് എംപിമാര്‍ ചെയ്തതെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു.  

ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതാപനും ഡീനും മാപ്പു പറയണമെന്നും ബിജെപി നിലപാടെടുത്തു. ഉച്ചകഴിഞ്ഞ് വിഷയത്തില്‍ നിലപാടറിയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയോട് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചു. അതേസമയം എംപിമാര്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ സ്പീക്കര്‍ നടപടിയെടുക്കട്ടെയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് സഭയില്‍ നിന്ന് സപ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കം ആരംഭിച്ചത്.  

നേരത്തേ, സ്ത്രീസുരക്ഷയെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ പൊട്ടിത്തെറിച്ചിരുന്നു. നിങ്ങള്‍ക്ക് വലുത് നിങ്ങളുടെ രാഷ്ട്രീയമാണ്. ബലാത്സംഗക്കേസിലെ പ്രതികളുടെ കാര്യത്തില്‍ പോലും നിങ്ങള്‍ മതവും രാഷ്ട്രീയവും കലര്‍ത്തുകയാണ്. ഉന്നാവോ, ഹൈദരാബാദ് സംഭവം അതിക്രൂരമാണ്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. എന്നാല്‍, ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കിയപ്പോള്‍ വാ തുറക്കത്തവരാണ് നിങ്ങള്‍. നിങ്ങള്‍ക്ക് സ്ത്രീ സുരക്ഷയെ നിങ്ങളുടെ രാഷ്ട്രീയ ആയുധമാക്കാനാണ് താത്പര്യം. ബലാത്സംഗ കേസുകളില്‍ നിങ്ങള്‍ മതം വരെ വലിച്ചുകയറ്ററുണ്ട്. സ്ത്രീസുരക്ഷയെ സംബന്ധിച്ച സംസാരിക്കാന്‍ ഞാന്‍ എഴുന്നേറ്റപ്പോള്‍ മുതല്‍ നിങ്ങള്‍ ബഹളം തുടങ്ങിയതാണ്. ഒരു സ്ത്രീയെ എഴുന്നേറ്റ് നിന്ന് സംസാരിക്കാന്‍ പോലും അനുവദിക്കാത്തവരാണ് സ്ത്രീ സുരക്ഷ സംബന്ധിച്ച ആകുലത പെടുന്നത്. ഇത് നിങ്ങള്‍ക്ക് അപമാനമാണെന്നും സ്മൃതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.