ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് പത്ത് വയസുകാരി മരിച്ചു; ടീച്ചര്‍മാരൊന്നും ചെയ്തില്ലെന്ന് സഹപാഠികള്‍; അധ്യാപകന് സസ്‌പെന്‍ഷന്‍; സര്‍ക്കാര്‍ അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍

Thursday 21 November 2019 1:36 pm IST
കുട്ടിയുടെ സഹപാഠികള്‍ പാമ്പ് കൊത്തിയെന്ന് അധ്യാപകനോട് പറഞ്ഞു. എന്നാല്‍ അവരൊന്നും ചെയതില്ലെന്ന് മാത്രമല്ല, രക്ഷിതാക്കളെത്തി ആശുപത്രിയിലെത്തിച്ചോളും എന്നായിരുന്നു മറുപടിയെന്നും കുട്ടികള്‍ പറയുന്നു.

വയനാട്: ക്ലാസ് മുറിക്കുള്ളില്‍ നിന്ന് പാമ്പ് കടിയേറ്റ് പത്ത് വയസുകാരി മരിച്ചു. സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ ആണ് മരിച്ചത്. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളാണ്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കുട്ടിക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പു കടിയേല്‍ക്കുന്നത്. ക്ലാസ് മുറിയിലെ തറയില്‍ ഒരു ചെറിയ പൊത്തില്‍ നിന്നാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്. ഉടനെ കുട്ടിയുടെ സഹപാഠികള്‍ പാമ്പ് കൊത്തിയെന്ന് അധ്യാപകനോട് പറഞ്ഞു. എന്നാല്‍ അവരൊന്നും ചെയതില്ലെന്ന് മാത്രമല്ല, രക്ഷിതാക്കളെത്തി ആശുപത്രിയിലെത്തിച്ചോളും എന്നായിരുന്നു മറുപടിയെന്നും കുട്ടികള്‍ പറയുന്നു.

ഏതാണ്ട് ഒരു മണിക്കൂറോളം കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ കിട്ടിയില്ലെന്ന് വ്യക്തമാകുന്നതാണ് ഷഹ്‌ലയുടെ സഹപാഠികളുടെ വാക്കുകള്‍. ഷഹ്‌ലയുടെ അച്ഛനെത്തുമ്പോഴും അധ്യാപകന്‍ പഠിപ്പിക്കുവായിരുന്നു എന്നാണ് അറിയുന്നത്. ചെരിപ്പിടാന്‍ അധ്യാപകര്‍ സമ്മതിച്ചിരുന്നില്ലെന്നും, ക്ലാസ്സില്‍ പാമ്പുണ്ടെന്ന് പറഞ്ഞിട്ട് പോലും അധ്യാപകര്‍ ഒന്നും ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഒരു ഷജിലെന്ന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മറ്റ് നടപടികള്‍ സ്വീകരിക്കാത്തതിലും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.സ്‌കൂളിലെ ക്ലാസ് മുറികളിലും മറ്റുമായി അങ്ങിങ്ങായി പൊത്തുകള്‍ കണ്ടെത്തിയതും അധികൃതുടെ അനാസ്ഥ വിളിച്ചോതുന്നു.

വിവരം അറിഞ്ഞ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയെന്നും, അവിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനാലാണ് ചികിത്സ വൈകിയതെന്നുമാണ് പ്രധാനാധ്യാപകന്‍ പറയുന്നത്. എന്താണ് അവിടെ സംഭവിച്ചതെന്നറിയാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല അന്വേഷണ സംഘത്തെ സ്‌കൂളിലേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.