സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കും; തീവ്രവാദികളെയും ക്രിമിനലുകളെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല, നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

Tuesday 22 October 2019 5:22 pm IST

ന്യൂദൽഹി: സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള രൂപരേഖയും മാനദണ്ഡവും ജനുവരി പതിനഞ്ചോടെ തയാറാകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. തീവ്രവാ‍ദികൾക്കും ക്രിമിനലുകൾക്കും സാമൂഹിക മാധ്യമങ്ങൾ വഴി സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. 

ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. മാനദണ്ഡങ്ങൾ തയാറാക്കാൻ മൂന്ന് മാസം സമയം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജനുവരി അവസാന വാരം വാദം കേൾക്കുമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണം എന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച ഹർജികളാണ് സുപ്രിംകോടതിയിലേക്ക് എത്തുന്നത്. 

മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ മാറ്റുന്നതിൽ എതിർപ്പില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചു. എന്നാൽ, മദ്രാസ് ഹൈക്കോടതിയിലെ ഹർജികളിൽ അന്തിമവാദം അവസാനഘട്ടത്തിലാണെന്നും മാറ്റരുതെന്നും ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. എന്നാൽ, എതിർപ്പ് കോടതി തള്ളി. അതേസമയം, സർക്കാരിന് വിവരങ്ങൾ കൈമാറാൻ സമൂഹ മാധ്യമങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടോയെന്ന് കോടതി ആരാഞ്ഞു.

പൗരന്റെ സ്വകാര്യതയിൽ കടന്നുകയറാൻ താൽപര്യമില്ലെങ്കിലും ദേശീയ സുരക്ഷ, രാജ്യത്തിന്റെ അഖണ്ഡത എന്നിവയുമായി സ്വകാര്യത ഒത്തുപോകണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.