ജീവന്‍ നിലനിര്‍ത്താന്‍ മണ്ണ് വാരി തിന്നേണ്ട അവസ്ഥയില്‍ കുട്ടികള്‍

Tuesday 3 December 2019 5:28 am IST

 

തിരുവനന്തപുരം:  പട്ടിണി സഹിക്കാതായപ്പോള്‍  പേറ്റുനോവ്  മറന്ന് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി അമ്മ.  ബീഹാറിലോ ഉത്തര്‍പ്രദേശിലോ അല്ല, നമ്പര്‍ വണ്‍ കേരളത്തില്‍. അതും ഭരണ സിരാകേന്ദ്രത്തിനു സമീപം. എല്ലാവര്‍ക്കും വീടെന്ന വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ  ലൈഫ് പദ്ധതിയില്‍ പോലും പെടാതെ ഒരു മുറി ചുമരില്‍  ടാര്‍പോളിനു കീഴില്‍ കഴിയുന്ന കുടുംബത്തിലാണ് ഈ ദുരവസ്ഥയെന്നതും കേരളത്തെ ലജ്ജിപ്പിക്കുന്നു. ജീവന്‍ നിലനിര്‍ത്താന്‍ മക്കള്‍ മണ്ണ് വാരി തിന്നേണ്ടണ്ട അവസ്ഥയിലാണെന്ന് അമ്മ പറയുന്നു.  

തിരുവനന്തപുരം കൈതമുക്കില്‍ വഞ്ചിയൂര്‍ റെയില്‍വെ പുറമ്പോക്ക് കോളനിയില്‍ താമസിക്കുന്ന  ആറ് കുട്ടികളുള്ള കുടുംബത്തിലെ നാലുകുട്ടികളെയാണ് അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയത്. വിശപ്പ് സഹിക്കാതായതോടെ  ഇവരുടെ ഒരു കുട്ടി മണ്ണ് വാരി തിന്നതോടെയാണ് മക്കളെ എന്നെന്നും കാണാനെങ്കിലും സാധിക്കുമല്ലോ എന്ന വിശ്വാസത്തില്‍ ശിശുക്ഷേമസമിതിക്ക് കൈമാറിയത്. 

 മുലപ്പാല്‍ കുടിക്കുന്ന ഒന്നരയും മൂന്നുമാസവും പ്രായമുള്ള  രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെ നാല് കുട്ടികളെയാണ്  തൈക്കാടുള്ള ശിശുക്ഷേമസമിതിക്ക് കൈമാറിയത്. ആറു കുട്ടികളും അമ്മയും അച്ഛനും അടങ്ങുന്നതാണ് കുടുംബം. ഭര്‍ത്താവ് കുഞ്ഞുമോന് കൂലിപ്പണിയാണ് തൊഴില്‍. ഇതില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം ജീവിച്ചു പോരുന്നത്. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണുള്ളത്. രണ്ട് പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയുമാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. പിഞ്ചുകുട്ടികള്‍ക്കും കുടുംബത്തിനുമുള്ള ആഹാരം ശിശുക്ഷേമ   സമിതി പ്രവര്‍ത്തകര്‍ നല്‍കി.

  സ്വന്തമായി റേഷന്‍കാര്‍ഡുണ്ടെ ങ്കിലും വീട് നിര്‍മാണത്തിന് ഇതുവരെയും ഇവര്‍ക്ക് സര്‍ക്കാരിന്റെ ധന സഹായം ലഭിച്ചിട്ടില്ല. തലചായ്ക്കാനുള്ള ടാര്‍പോളിന്‍ കെട്ടിയിരിക്കുന്നത് തന്നെ റോഡ്  ഇടിഞ്ഞു വീഴാതിരിക്കാന്‍ കെട്ടി ഉയര്‍ത്തിയ കരിങ്കല്‍ ഭിത്തിയിലും. മഴ കനക്കുമ്പോള്‍ സമീപത്തെ വീടുകളില്‍ അഭയം തേടുകയാണ് പതിവ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.