മാധ്യമപ്രവര്‍ത്തകന്റെ വധത്തിനു പിന്നില്‍ സൗദി കിരീടാവകാശി തന്നെയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Thursday 20 June 2019 10:42 am IST

ജനീവ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധം സൗദി ഭരണകൂടത്തിന്റെ അറിവോടെയെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎന്നിന്റെ പ്രത്യേക അന്വേഷക ആഗ്‌നസ് കലമാഡ് നടത്തിയ അന്വേഷണത്തില്‍ മാധ്യമപ്രവര്‍ത്തകനെ വധിച്ചതില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്നതിനു തെളിവുണ്ടെന്നാണ് സമര്‍ത്ഥിക്കുന്നത്.

ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രാജ്യാന്തര അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഗ്നസ് കലമാഡ് അന്വേഷണം നടത്തിയത്. 

കൂടുതല്‍ അന്വേഷണം വേണമെന്ന ഗുട്ടെറസിന്റെ വാദം ശരിവെയ്ക്കുന്ന രീതിയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കു വ്യക്തമായത് എന്ന് ആഗ്‌നസ് ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനശക്തിയെക്കുറിച്ച് നന്നായി അറിയാമായിരുന്നെന്നും അദ്ദേഹത്തെ അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള ഖഷോഗ്ജി ഭയപ്പെട്ടിരുന്നെന്നും ഉള്ളതിനു തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി കോണ്‍സുലേറ്റില്‍ നടന്ന കൊലപാതകത്തിന്റെ വീഡിയോ കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഖഷോഗ്ജി വധക്കേസ് ഇതിനു മുമ്പ് അന്വേഷിച്ച സൗദി സംഘം മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കു നിഷേധിച്ചിരുന്നു. കൊല നടത്തിയതിനു കസ്റ്റഡിയിലുളള 12 പേരടങ്ങിയ സംഘത്തില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ സൗദി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.