ആത്മാവ് എവിടെയും ഒരു പോലെ

Sunday 18 August 2019 1:30 am IST

ടുത്ത മൂന്ന് സൂത്രങ്ങളോടെ അംശാധികരണം തീരും. അതോടെ രണ്ടാമദ്ധ്യായത്തിലെ മൂന്നാം പാദവും കഴിയും

സൂത്രം  അദൃഷ്ടാനിയമാത് 

കര്‍മഫലങ്ങള്‍ക്ക് ഒരു നിയമമില്ലാത്തതിനാല്‍ അതിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടാവണം.

അദൃഷ്ടമായ ജന്മാന്തര കര്‍മ്മങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള നിയമവും ഇല്ല എന്നതിനാല്‍ അവയെ വ്യവസ്ഥ ചെയ്യാനാകില്ല. 

ഉപാധിയുടെ പേര് പറഞ്ഞ് ജീവന്‍ ഈശ്വരാംശമാണെന്ന് പറയാനാകില്ല. അംശാംശി ഭാവമാണ് ജീവേശ്വരന്‍മാര്‍ക്കുള്ളത്. മുമ്പ് ചെയ്തിട്ടുള്ള ഏതൊക്കെ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ ജീവന്‍മാര്‍ എങ്ങനെയൊക്കെയാണ് അനുഭവിക്കുന്നത് എന്നതിന് ഒരു നിയമമില്ല. അതിനാല്‍ ജീവനേയും കര്‍മ്മഫലങ്ങളേയും ബന്ധിപ്പിക്കുന്ന ഒരു ശക്തിയുണ്ടാകണം. ഇക്കാരണത്താല്‍ ഈശ്വരനെ അംശി എന്ന് കല്പിക്കുന്നതാണ് ഉചിതം. ശ്രുതി സിദ്ധാന്തമനുസരിച്ച് പരമാത്മാവ് തന്നെയാണ് എല്ലാ ജീവന്‍മാരുടേയും കര്‍മ്മങ്ങളേയും കര്‍മ്മഫലങ്ങളേയും വ്യവസ്ഥ ചെയ്യുന്നത്. അതുപോലെ അവയെ  അനുഭവിപ്പിക്കുന്നതും. അച്ഛനും മക്കളും പോലെ അംശാശി ഭാവമാണ് ജീവേശ്വരന്‍മാര്‍ക്കെന്ന് മനസ്സിലാക്കണം.

സൂത്രം  അഭിസന്ധ്യാദിഷ്വപി ചൈവം

സങ്കല്പം മുതലായവയിലും പൊതുവായ നിയമമില്ലാത്തതിനാല്‍ ഇപ്രകാരമാണ്. സങ്കല്പം മുതലായവയിലും വ്യവസ്ഥിതി വേണ്ട പോലെയല്ല. ജീവന്‍മാരെല്ലാം ഒരേ പരമാത്മാവ് തന്നെയാണ് എന്ന് കരുതുകയാണെങ്കില്‍ സങ്കല്പങ്ങളിലും നിയമമില്ലാതെ വരും. ഒരു ജീവന്റെ സങ്കല്പം മറ്റ് ജീവന്‍മാര്‍ക്കും ബാധകമാകും. അതിനാല്‍ അംശാംശി ഭാവം സ്വീകരിച്ച് ഉപാധിഗതമായ ഭേദം ഉണ്ടെന്ന് വിചാരിക്കുന്നതാണ് നല്ലത്. 

ഭേദം മായ കൊണ്ട് തോന്നുന്നതെങ്കിലും വ്യവഹാരത്തില്‍ ആവശ്യമാണ്. ഓരോ ജീവന്റെയും പ്രത്യേക സങ്കല്പങ്ങള്‍ കൂടിക്കലരാന്‍ പാടില്ല. അതിന് ഒരു അധീനശക്തിയുടെ നിയന്ത്രണം വേണം. ജീവന് സ്വതന്ത്രത കല്പിക്കാന്‍ അനേക വിഷമങ്ങളുണ്ട്. ശ്രുതി നിര്‍ദ്ദേശം മാനിച്ച് ജീവനും ഈശ്വരനും തമ്മില്‍ അംശാശി ഭാവം ബോധിക്കണം.

സൂത്രം  പ്രദേശാദിതി ചേന്നാന്തര്‍ഭാവാത്

ഉപാധികള്‍ക്ക് ദേശഭേദമുള്ളതിനാല്‍ എല്ലാം വ്യവസ്ഥ ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ അത് ശരിയല്ല. ആത്മാവ് സര്‍വവ്യാപിയാണ് പ്രദേശ ഭേദങ്ങളൊന്നുമില്ല.

ഉപാധികള്‍ക്ക് ഭേദമുള്ളതിനാല്‍ എല്ലാ ജീവന്‍മാര്‍ക്കും പ്രത്യേകം സ്വതന്ത്രമായിരിക്കാനും കര്‍മ്മങ്ങളേയും സങ്കല്പങ്ങളേയും വ്യവസ്ഥ ചെയ്യാനും കഴിയുമെന്ന് പറഞ്ഞാല്‍ ശരിയല്ല. എല്ലാദേശങ്ങളിലും എല്ലാ ഉപാധികളിലും ഈശ്വരന്‍ നിറഞ്ഞ് നില്‍ക്കുന്നു എന്നതാണ് കാരണം. ഉപാധികളുടെ ദേശ ഭേദം കൊണ്ട് പരമാത്മാവിന് ദേശ ഭേദം ഉണ്ടാകില്ല. കുടത്തിനകത്തെ ആകാശത്തെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാം. പക്ഷേ ആകാശം സര്‍വവ്യാപിയായതിനാല്‍ അതില്‍ മാറ്റമുണ്ടാകില്ല. അതുപോലെ ഉപാധി ഒരിടത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുമ്പോള്‍ ഉപാധിഗതമായ വിഭൂതത്വം വരികയോ പോവുകയോ ചെയ്യുന്നില്ല.

ആത്മാവ് എവിടെയായാലും ഒന്ന് തന്നെയാണ്. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് തുടങ്ങിയവയോടുള്ള ചേര്‍ച്ചമൂലം ഉണ്ടാകുന്ന ജീവത്വം പരമാത്മാവിന്റെ അംശം പോലെ എന്ന് കല്‍പ്പിക്കുകയാകും യുക്തം. 

ഇതോടെ രണ്ടാം അദ്ധ്യായത്തിലെ മൂന്നാം പാദം തീര്‍ന്നു.

 

                                                                                                                                                    9495746977

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.