എല്ലാം ആത്മാവുതന്നെ

Saturday 27 July 2019 3:39 am IST

വിയദധികരണം തുടരുന്നു.

കാരണമായ ബ്രഹ്മത്തിന്റെ അറിവ് കൊണ്ട് കാര്യമായ എല്ലാറ്റിന്റേയും അറിവുണ്ടാകും. അതിനാല്‍ ആകാശത്തെ ബ്രഹ്മത്തില്‍ നിന്നുണ്ടായ കാര്യമായി തന്നെ എടുക്കണം. അല്ലെങ്കില്‍ ഉപനിഷത്തുക്കളിലെ പ്രതിജ്ഞയ്ക്ക് ഭംഗം ഉണ്ടാകും.

സ്വര്‍ണത്തെ അറിഞ്ഞാല്‍ സ്വര്‍ണാഭരണങ്ങളേയും മണ്ണിനെ അറിഞ്ഞാല്‍ മണ്‍പാത്രങ്ങളെയും അറിയാമെന്ന പോലെ ബ്രഹ്മത്തെ അറിഞ്ഞാല്‍ അതിന്റെ കാര്യമായ ആകാശം ഉള്‍പ്പടെ എല്ലാറ്റിനേയും അറിയാനാകും.

സര്‍വം ഖലു ഇദം ബ്രഹ്മ എന്നത് ആകാശം ഉള്‍പ്പടെയുള്ള സകല ജഗത്തും ബ്രഹ്മമാണ് എന്നതാണ്.

അടുത്ത സൂത്രത്തോടെ വിയദധികരണം സമാപിക്കുന്നു.

സൂത്രം യാവദ് വികാരം 

തു വിഭാഗോ ലോകവത്

എന്നാല്‍ എത്രത്തോളം വികാരമുണ്ടോ അത്രയും വിഭാഗങ്ങളുമുണ്ട്. ലോകത്തിലെന്ന പോലെയാണ് ഇത്.

ലോകത്തിലെ വ്യവഹാരം പോലെ കാര്യവസ്തുക്കളെല്ലാം തന്നെ ബ്രഹ്മത്തിന്റെ അംശമാണ്.

'തു 'എന്ന വാക്കു കൊണ്ട് ആകാശത്തിന്റെ ഉത്പത്തിയെ പറയുകയാണ്. ആകാശ ഉല്‍പ്പത്തി സാധ്യമല്ലെന്ന് പറയുന്നവരുടെ വാദങ്ങളെ ഇതിലൂടെ നിഷേധിക്കുന്നു.

ഒരു വസ്തുവിന് എത്രത്തോളം വികാരങ്ങളുണ്ടോ അത്രയും വിഭാഗങ്ങള്‍ ലോകത്തില്‍ കാണുന്നുണ്ട്.

മണ്ണിന്റെ വികാരങ്ങളാണ് കലം, കുടം,ചട്ടി, കൂജ മുതലായ പാത്രങ്ങള്‍. ഇവ മണ്ണിന്റെ നാമ, രൂപവിഭാഗങ്ങളാണ്. സ്വര്‍ണത്തിന്റെ വികാരങ്ങളാണ് മാല, കമ്മല്‍, വള, മോതിരം മുതലായവ. ഒരോ ആകൃതിയ്ക്കും ഓരോ പേരാണ്.

അതുപോലെ ആത്മാവ് എന്ന് പറഞ്ഞാല്‍ അതിന്റെ കാര്യങ്ങളായ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി തുടങ്ങിയ എല്ലാ വസ്തുക്കളും ഉള്‍പ്പെടുന്നു.

ഒരാള്‍ക്ക് പത്ത് മക്കളുണ്ടെന്ന് കരുതുക. അവരെ ചൂണ്ടിക്കാട്ടി ഇവരെല്ലാം അയാളുടെ മക്കള്‍ ആണെന്ന് പറയാറുണ്ട്. അച്ഛനില്‍ നിന്നാണ് മക്കളുണ്ടാകുന്നത് .അല്ലെങ്കില്‍ അച്ഛന്‍ തന്നെയാണ് മക്കളായിത്തീരുന്നത്.

അവിടെ അവരുടെ ഉല്‍പത്തിയെക്കുറിച്ചോ അവരില്‍ ചിലര്‍ വേറെയാണെന്നോ സംശയിക്കേണ്ടതില്ല.

അതുപോലെ ആത്മാവില്‍ നിന്ന് ആകാശമുള്‍പ്പടെ എല്ലാം ഉണ്ടായി. എല്ലാം കാരണമായ ബ്രഹ്മത്തിന്റെ കാര്യങ്ങളാണ്. കാര്യം എന്ന നിലയില്‍ അതില്‍ ഒന്ന് വേറെ തരം എന്നൊന്നും വ്യത്യാസം കാണേണ്ടില്ല.

' ആത്മൈവേദം സര്‍വ്വം' ഇതെല്ലാം ആത്മാവ് തന്നെയാകുന്നു എന്ന് ശ്രുതി പറയുമ്പോള്‍ അതില്‍ ആകാശവും ഉള്‍പ്പെടും.

ഛാന്ദോഗ്യത്തില്‍ ഉല്‍പ്പത്തിയെപ്പറ്റി പറയുമ്പോള്‍ ആത്മാവില്‍ നിന്ന് അഗ്നി മുതല്‍ക്കേ പറയുന്നുള്ളൂ എന്ന് മാത്രം. ആകാശത്തേയും വായുവിനേയും അവിടെ ധരിക്കണം.

ശബ്ദ ഗുണമാകാശം എന്ന് പറയാറുണ്ട്. ശബ്ദമുണ്ടെങ്കില്‍ ആകാശവുമുണ്ട്. ഗുണമുണ്ടെങ്കില്‍ ഗുണിയുമുണ്ട്. ആകാശം മറ്റ് പഞ്ചഭൂതങ്ങളെപ്പോലെ തന്നെ പരമാത്മാവില്‍ നിന്ന് ഉണ്ടായതാണ്. ആദ്യം ആകാശം അതില്‍ നിന്ന് വായു എന്ന ക്രമത്തില്‍..സര്‍വം എന്ന ശബ്ദം കൊണ്ട് ആകാശവും അതില്‍ ഉള്‍പ്പെടും.

അതിനാല്‍ പരമാത്മാവില്‍ നിന്ന് ആദ്യം ആകാശമുണ്ടായി എന്ന

തൈത്തിരിയ ഉപനിഷത്തിന്റെ പാഠം തന്നെയാണ് സ്വീകരിക്കേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.