എം.എസ് ധോണിയുടെ കാര്യം 'ദാദ' നിശ്ചയിക്കും; തീരുമാനമെടുക്കാനുള്ള സ്ഥാനത്ത് എത്തിക്കഴിഞ്ഞെന്ന് സൗരവ് ഗാംഗുലി

Thursday 17 October 2019 8:46 pm IST

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ ഭാവി സംബന്ധിച്ച് 24ന് സെലക്ടര്‍മാരുമായി ചര്‍ച്ച നടത്തുമെന്ന്  ബിസിസിഐ പ്രസിഡന്റായി നിയമിതനായ സൗരവ് ഗാംഗുലി.  ഇക്കാര്യത്തില്‍ സെലക്ടര്‍മാരുടെ അഭിപ്രായത്തിനൊപ്പം ധോനിക്ക് എന്താണ് പറയാനുള്ളത് എന്നുകൂടി കേള്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം ഈ വിഷയത്തില്‍ മറുപടി നല്‍കാമെന്നും ഗാംഗുലി പ്രതികരിച്ചു. 

ഭാവി പദ്ധതികളെ കുറിച്ച് ധോനിയുമായി സംസാരിക്കും. ഇതുവരെ ഞാന്‍ ചിത്രത്തിലില്ലായിരുന്നു. അതിനാല്‍ തന്നെ എല്ലാ കാര്യങ്ങളിലും അത്ര വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇതേക്കുറിച്ചെല്ലാം കൂടുതലറിയാനും തീരുമാനമെടുക്കാനുമുള്ള സ്ഥാനത്ത് ഞാനെത്തിക്കഴിഞ്ഞു. ഇനി മുന്നോട്ടുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ഗാംഗുലി പറഞ്ഞു. ലോകകപ്പില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി പിന്നീടിതുവരെ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല. ഇതോടെ ഇന്ത്യയുടെ ഇതിഹാസ നായകന്റെ ഭാവിയെ കുറിച്ച് ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കാനും തുടങ്ങി. ഇതിനിടെയാണ് ഗാംഗുലിയുടെ പ്രതികരണം. 

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനഃരാരംഭിക്കണമെങ്കില്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ അനുമതി വേണമെന്നുള്ള  സൗരവ് ഗാംഗുലി പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാന്‍ പരമ്പരകള്‍ വീണ്ടും ആരംഭിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഗാംഗുലി. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായി ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കാനിറങ്ങുമ്പോള്‍ ടീമിനെ നയിച്ചത് ഗാംഗുലിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.