ദക്ഷിണേഷ്യന്‍ ഗെയിംസ്: സാന്ദ്ര ബാബുവിന് വെങ്കലം;അര്‍ച്ചനയ്ക്ക് സ്പ്രിന്റ് ഡബിള്‍

Thursday 5 December 2019 6:10 am IST

 

കാഠ്മണ്ഡു: ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ ട്രാക്ക് ഇനങ്ങളില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം 100 മീറ്ററില്‍ സ്വര്‍ണം നേടിയ അര്‍ച്ചന സുശീന്ദ്രന്‍ ഇന്നലെ 200 മീറ്ററിലും പൊന്നണിഞ്ഞ് സ്പ്രിന്റ് ഡബിള്‍ തികച്ചു. 23.66 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അര്‍ച്ചനയ്ക്ക് പിന്നില്‍ 23.69 സെക്കന്‍ഡില്‍ ഓടിയെത്തിയ പാക്കിസ്ഥാന്റെ നജ്മ പര്‍വീണ്‍ വെള്ളി നേടിയപ്പോള്‍ ഇന്ത്യയുടെ ചന്ദ്രലേഖ 24.27 വെങ്കലവും കരസ്ഥമാക്കി.

പുരുഷന്മാരുടെ 10000 മീറ്ററില്‍ സുരേഷ്‌കുമാറും ഇന്ത്യക്കായി പൊന്നണിഞ്ഞു. 29:33.61 മിനിറ്റില്‍ ഓടിയെത്തിയാണ് സുരേഷ് സ്വര്‍ണം നേടിയത്. വനിതകളുടെ ലോങ്ജമ്പില്‍ മലയാളി താരം സാന്ദ്ര ബാബു 6.02 മീറ്റര്‍ ചാടി വെങ്കലം നേടി. ശ്രീലങ്കയുടെ ലക്ഷ്മി സാരംഗിനാണ് സ്വര്‍ണം. 6.38 മീറ്ററാണ് ശ്രീലങ്കന്‍ താരം ചാടിയത്. ലങ്കയുടെ തന്നെ അഞ്ജനി ഉത്പല 6.11 മീറ്റര്‍ ചാടി വെള്ളിയും സ്വന്തമാക്കി.

പുരുഷ-വനിതാ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്കാണ് സ്വര്‍ണവും വെള്ളിയും. പുരുഷവിഭാഗത്തില്‍ 57.99 മീറ്റര്‍ എറിഞ്ഞ് പുതിയ റെക്കോഡോടെ കൃപാല്‍ സിങ് സ്വര്‍ണവും ഗഗന്‍ദീപ് സിങ് വെള്ളിയും നേടി. വനിതാ വിഭാഗത്തില്‍ നവ്ജീത് കൗറിനാണ് സ്വര്‍ണം. സുരവി ബിശ്വാസ് വെള്ളിയും നേടി. പുരുഷ-വനിതാ ടേബിള്‍ ടെന്നീസ് ടീം ഇനത്തിലും ഇന്ത്യ ഇന്നലെ സ്വര്‍ണം നേടി. ഫൈനലില്‍ പുരുഷന്മാര്‍ ആതിഥേയരായ നേപ്പാൡനെയും വനിതകള്‍ ശ്രീലങ്കയെയുമാണ് തോല്‍പ്പിച്ചത്.

ഖോ-ഖൊയിലും ഇന്നലെ ഇന്ത്യ രണ്ട് സ്വര്‍ണം നേടി. പുരുഷ-വനിതാ വിഭാഗങ്ങളിലാണ് സ്വര്‍ണനേട്ടം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈയിനത്തില്‍ ഇന്ത്യ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ജേതാക്കളാകുന്നത്. പുരുഷ ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെയും വനിതകള്‍ നേപ്പാളിനെയും ഫൈനലില്‍ കീഴടക്കി.ഇന്ത്യന്‍ പുരുഷന്മാര്‍ ഇന്നിങ്‌സിനും 7 പോയിന്റിനും(16-7) ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയപ്പോള്‍ വനിതകള്‍ ഇന്നിങ്‌സിനും 12 പോയിന്റിനു (17-5)മാണ് നേപ്പാളിനെ കീഴടക്കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.