മുഖ്യമന്ത്രി ആത്മീയത നഷ്ടപ്പെട്ട നാറാണത്ത് ഭ്രാന്തനെപ്പോലെയെന്ന് പി.എസ് ശ്രീധരൻപിള്ള, ശബരിമല വിഷയത്തിൽ മലർന്ന് കിടന്ന് തുപ്പുന്നു

Wednesday 17 July 2019 1:45 pm IST

പത്തനം‌തിട്ട: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശബരിമലവിഷയത്തില്‍ മലർന്ന് കിടന്ന് തുപ്പുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ആത്മീയത നഷ്ടപ്പെട്ട നാറാണത്ത് ഭ്രാന്തനെപ്പോലെയാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

യൂണിവേഴ്സിറ്റി കോളേജിലെ ക്രിമിനലുകൾ ഉന്നത റാങ്കുകൾ നേടി പിഎസ്സി പരീക്ഷകളിൽ റാങ്കുകൾ നേടുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്നുള്ളത് അന്വേഷിച്ച് കുറ്റവാളികളെ അവർ എത്ര ഉന്നതരായാലും തുറന്നു കാട്ടേണ്ടതുണ്ട്. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട പബ്ലിക് സർവീസ് കമ്മീഷൻ സിപിഎം ഭരണത്തിൻകീഴിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു. പിഎസ്‌സിയിൽ സിപിഎം ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ട്. സഖാക്കളായ ഉദ്യോഗാർത്ഥികൾക്ക്, അവർ ഒട്ടും അർഹരല്ലെങ്കിൽക്കൂടി ഒത്താശകൾ ചെയ്തു കൊടുക്കുന്നത് ഈ ഫ്രാക്ഷന്റെ നേതൃത്വത്തിലാണ്. നിഷ്പക്ഷത നഷ്ടപ്പെട്ട കേരള പി.എസ്.സി പിരിച്ചുവിടണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. 

യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ ദിവസം നടന്നത് ഒരു നിയമ സമാധാന പ്രശ്‌നം മാത്രമായി ലാഘവത്തോടെ കാണേണ്ടതല്ല. ക്രിമിനലുകളെ വാർത്തെടുക്കുകയും കൊലയാളികളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കളരിയായി പ്രശസ്തമായ യൂണിവേഴ്സിറ്റി കോളേജ് അധഃപതിക്കാൻ അനുവദിക്കില്ല. കുറ്റവാളി കൊല ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നു എന്നത് വ്യക്തമാണ്. പരിശീലനം സിദ്ധിച്ച രീതിയിൽ ശാസ്ത്രീയമാണ് അയാൾ കുത്തിയത്. ഇയാളെ ആരു പരിശീലിപ്പിച്ചു, എവിടെ നിന്നായിരുന്നു പ്രചോദനം എന്നത് അന്വേഷിക്കേണ്ടതാണ്.

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ സിപിഎം പോറ്റിവളർത്തുന്ന കുട്ടി സഖാക്കൾക്കും പാർട്ടി മേലാളന്മാർക്കും ദോഷകരമായ രീതിയിൽ കണ്ടെത്തലുകൾ ഉണ്ടാവില്ല എന്നത് ഉറപ്പാണ്. സിബിഐ നിക്ഷ്പക്ഷമായി അന്വേഷിച്ചാൽ പല പാർട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തു കൊണ്ടുവരാൻ കഴിയും. ഇത്തരം സംഭവങ്ങൾ യൂണിവേഴ്സിറ്റി കോളേജിൽ പതിവായിരിക്കുന്നു. അവയെക്കുറിച്ചുള്ള അന്വേഷണങ്ങൾ പ്രഹസനങ്ങളായി മാറുകയാണ് പതിവ്. 

അടുത്തകാലത്താണ് പീഡനം സഹിക്കവയ്യാതെ ഒരു വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ഒരുങ്ങിയതും പിന്നീട് ടിസി വാങ്ങി പോയതും. നൂറിലേറെ വിദ്യാർഥികൾ എസ്എഫ്ഐയുടെ ഗുണ്ടാരാജ് സഹിക്കവയ്യാതെ അവിടെ അദ്ധ്യയനം മതിയാക്കാൻ നിർബന്ധിതരായിട്ടുണ്ട്. ഇവയൊക്കെ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.