മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത്?; പ്രതിഭ ഇല്ലാത്തവര്‍ നാടകം കളിച്ചതു കൊണ്ട് ഒന്നും നേടില്ല; സിനിമ മേഖലയില്‍ ജാതീയതയുണ്ടെന്ന ആരോപണത്തെ എതിര്‍ത്ത് ശ്രീകുമാരന്‍ തമ്പി

Tuesday 5 November 2019 5:45 pm IST

തിരുവനന്തപുരം: ബിനീഷ് ബാസ്റ്റ്യന്‍- അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ വിഷയത്തില്‍ സിനിമ മേഖലയിലെ ജാതീയതയാണെന്ന ആരോപണത്തെ തള്ളി പ്രമുഖ സംവിധായകനും ഗാനരചയിതാവുമായി ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? കൃസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധര്‍വ്വനായത് ? ജാതിയും മതവുമല്ല , പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവര്‍ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.- മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും . പേരിന്റെ കൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗ്ഗീയ വാദികള്‍ ആണെങ്കില്‍ സത്യന്‍ , പ്രേംനസീര്‍ , യേശുദാസ് മുതലായവര്‍ മലയാളസിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ല. . മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? കൃസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധര്‍വ്വനായത് ? ജാതിയും മതവുമല്ല , പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവര്‍ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാന്‍ പോകുന്നില്ല. മനുഷ്യനെ അറിയുക ; മനുഷ്യത്വത്തില്‍ വിശ്വസിക്കുക. സ്വന്തം കഴിവില്‍ ഉത്തമ ബോധ്യമുണ്ടായിരിക്കുക ! ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം കിട്ടിയേക്കാം .ഉള്ളു പൊള്ളയാണെന്നറിയുമ്പോള്‍ ഇപ്പോള്‍ തലയിലേറ്റുന്നവര്‍ തന്നെ താഴെയിട്ടു ചവിട്ടും.

നേരത്തേ, ജാതീയ ആരോപണത്തെ നിഷേധിച്ച് നടന്‍ ടൊവിനോ തോമസും രംഗത്തെത്തിയിരുന്നു. മലയാള സിനിമയില്‍ ജാതി വിവേചനങ്ങള്‍ ഇല്ലെന്ന് നടന്‍ ടൊവിനോ വ്യക്തമാക്കി. അഹംഭാവവും, വ്യക്തിപരമായ തോന്നലുകളില്‍ നിന്നും മനോഭാവങ്ങളില്‍ നിന്നുമുള്ള തെറ്റിദ്ധാരണകളാണ് ഉണ്ടായിട്ടുള്ളത്. ഇത് മാറ്റി നിര്‍ത്തിയാല്‍ ജാതി വിവേചനമെന്ന തോന്നല്‍ മാറും. ഷാര്‍ജ പുസ്തക മേളയിലെ ദ യൂത്ത് സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.